വരാനിരിക്കുന്നത് നാശത്തിന്റെ കാലം; മലയാളികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ മരണം വരെ ഉണ്ടാകാം

Sunday 12 May 2024 4:16 PM IST

കോഴിക്കോട്: മലയോര മേഖലയിൽ ഇടമഴ പെയ്തതതിനാൽ ഡെങ്കിപ്പനി വ്യാപന സാദ്ധ്യത മുന്നിൽ കണ്ട് എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ. വി. പ്രിയയും അറിയിച്ചു. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. ഉറവിട നശീകരണമാണ് ഡെങ്കി/ ചിക്കുൻഗുനിയ/ വെസ്റ്റ് നൈൽ / സിക പനികളെ തടയാനുള്ള പ്രധാന മാർഗം.

ഡ്രൈ ഡേ ആചരിക്കേണ്ടത് ഇങ്ങനെ

1. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അൽപം പോലും വെള്ളം കെട്ടി നിർത്താതെ നോക്കുകയാണ് പ്രധാനം.

2. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

3. കൊതുക് വളരാൻ സാദ്ധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി അതിനുള്ള സാദ്ധ്യത ഇല്ലാതെയാക്കണം.

4. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്.

5. റബ്ബർ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങൾ/ചിരട്ടകൾ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളിൽ കമഴ്ത്തി വയ്ക്കുകയോ അവയിൽ മഴവെള്ളം കെട്ടിനിൽക്കാനുള്ള അവസരങ്ങൾ ഇല്ലാതെയാക്കുകയോ വേണം.

6. വീട്ടിൽ ആർക്കെങ്കിലും ഡെങ്കിപ്പനി വന്നാൽ അത് ആരോഗ്യപ്രവർത്തകരുടെയോ ആശാവർക്കർമാരുടെയോ ശ്രദ്ധയിൽ കൊണ്ടുവരിക.

പനി വന്നാൽ

1. ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കുക.

2. ക്ഷീണം മാറാനും നിർജലീകരണം ഒഴിവാക്കാനും പാനീയങ്ങൾ കുടിക്കുക.

3. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

4. ചികിത്സ തേടിയ ശേഷം പൂർണമായി വിശ്രമിക്കുക.

5. മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

Advertisement
Advertisement