'ആസാദി'; മുസാഫറാബാദിൽ പാക് സർക്കാരിനെതിരെ വൻ പ്രതിഷേധം, ജനവും പൊലീസും ഏറ്റുമുട്ടി

Sunday 12 May 2024 7:04 PM IST

ശ്രീനഗർ: പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. 'ആസാദി' എന്ന മുദ്രവാക്യം വിളിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. തലസ്ഥാനമായ മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചതോടെ വൻ സംഘർഷമുണ്ടായി.

ദാദ്യാൽ, മിർപുർ, സമഹ്നി, സെഗൻസ, റാവലാകോട്ട്, ഖുയിരാട്ട, തട്ടപാനി, ഹട്ടിയാൻബാല തുടങ്ങിയ പ്രദേശങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

വെള്ളിയാഴ്ച ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. മംഗള ഡാമിൽ നിന്നുള്ള നികുതിരഹിത വെെദ്യുതി, ഗോതമ്പ് പൊടിക്ക് സബ്സിഡി എന്നിവ ആവശ്യപ്പെട്ടാണ് അവാമി ആക്ഷൻ കമ്മിറ്റി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുസാഫറാബാദിലേക്ക് ലോംഗ് മാർച്ച് നടത്തുമെന്ന് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ചിനിടെ പൊലീസ് പ്രതിഷേധക്കാരെ വടികൊണ്ട് അടിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീർ‌വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധം അടിച്ചമർത്താനാണ് പാക് സർക്കാരിന്റെ ശ്രമം. 2023 ഓഗസ്റ്റിലും സമാനമായ പ്രതിഷേധം ഇവിടെ നടന്നിരുന്നു.