മുതലപ്പൊഴിയിൽ ഭീഷണിയായി അഴിമുഖത്തെ മണൽത്തിട്ട

Monday 13 May 2024 1:56 AM IST

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടകാരണം മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.

ദിനംപ്രതി നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്ന ജില്ലയിലെ പ്രധാന ഹാർബറുകളിൽ ഒന്നാണ് മുതലപ്പൊഴി. നിലവിൽ അഴിമുഖത്തിന്റെ കാൽഭാഗത്തിലേറെ മണൽത്തിട്ട പുറത്തുകാണുന്ന രീതിയിൽ മണൽത്തിട്ട രൂപപ്പെട്ടുകഴിഞ്ഞു. ബാക്കിയുള്ള കുറച്ചുഭാഗത്തുകൂടിയാണ് നിലവിൽ തൊഴിലാളികൾ വള്ളമിറക്കുന്നത്. ഇവിടെ എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കമാണ് നടക്കുന്നത്. ഓരോ തവണയും മൺൽ മാറ്റുംതോറും ഇരട്ടിയായാണ് മണ്ണ് അടിയുന്നത്. കൂടുതൽ മണ്ണ് നീക്കം ചെയ്യണമെങ്കിൽ ട്രഡ്ജർ തന്നെവേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

അപകടഭീതിയിൽ

അഴിമുഖത്തിന്റെ ആഴം ആറ് മീറ്ററോളം വേണമെന്നിരിക്കെ നിലവിലുള്ളത് രണ്ട് മീറ്ററിൽ താഴെയാണ്. പോരാത്തതിന് അഴിമുഖത്തെ താഴംപള്ളി ഭാഗത്ത് പുലിമുട്ടിലെ വലിയ പാറക്കഷ്ണങ്ങൾ ശക്തമായ തിരയടിയിൽപ്പെട്ട് അടർന്നുമാറി കടലിൽ ചിതറി കിടക്കുകയാണ്. ഇവ നീക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല. അഴിമുഖത്ത് നിലവിൽ മണൽ നീക്കം നടക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമല്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

രക്ഷാപ്രവർത്തനവും വെല്ലുവിളി

കഴിഞ്ഞ ഒന്നരയാഴ്ചയ്ക്കുള്ളിൽ രണ്ട് അപകടങ്ങളാണ് ഇവിടെ നടന്നത്. ശക്തമായ തിരയിൽ പുലിമുട്ടിലേക്ക് മത്സ്യബന്ധന ബോട്ടുകൾ ഇടിച്ചുകയറിയായിരുന്നു അപകടങ്ങൾ രണ്ടും. ഭാഗ്യം കൊണ്ട് മാത്രമാണ് മത്സ്യത്തൊഴിലാളികൾ മരണത്തിൽ നിന്ന് പലപ്പോഴും രക്ഷപ്പെടുന്നത്. ഒരപകടം സംഭവിച്ചാൽ തീരത്തെ സ്ക്വാഡ് അംഗങ്ങളുടെ കുറവും കോസ്റ്റൽ പൊലീസിന്റെ ബോട്ടിന്റെ അറ്റകുറ്റപ്പണികളുടെ അഭാവവും കാലപ്പഴക്കവുമെല്ലാം ഇവിടത്തെ രക്ഷാപ്രവർത്തനത്തിന് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്.

തൊഴിലാളികൾ ആശങ്കയിൽ

വരാൻ പോകുന്ന മൺസൂൺ കാലത്ത് അപകടം മുന്നിൽ കണ്ട് കുറച്ചുകാലത്തേക്കെങ്കിലും ഹാർബർ അടച്ചിടണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. മത്സ്യത്തൊഴിലാളികളിൽ ഒരു വിഭാഗം ഈ ശുപാർശയോട് എതിരാണ്. ചില മത്സ്യത്തൊഴിലാളികൾ മറ്റ് ഹാർബറുകളിൽ മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാണെങ്കിലും അതിനുവേണ്ടിവരുന്ന ഇന്ധന ചെലവും മറ്റ് സ്ഥലങ്ങളിൽ ഇവരുടെ ബോട്ടുകൾ, മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷയും തൊഴിലാളികൾക്കുള്ള ആശങ്ക ഉയർത്തുന്നു.

Advertisement
Advertisement