ചൂടിൽ വറ്റിയത് 12 ലക്ഷം ലിറ്റർ പാൽ

Monday 13 May 2024 12:39 AM IST

കോട്ടയം: കൊടുംചൂടിൽ രണ്ട് മാസം കൊണ്ട് ജില്ലയിൽ കുറഞ്ഞത് 12 ലക്ഷം ലിറ്റർ പാൽ. 2023 ഏപ്രിലിൽ 29.65 ലക്ഷം ലിറ്ററായിരുന്നു പാലുത്പാദനം. 2024 ൽ 23.64 ലക്ഷമായി കുറഞ്ഞു. വേനൽ ശക്തമാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നിരവധി കർഷകർ കാലികളെ വിറ്റൊഴിഞ്ഞിരുന്നു. എച്ച്.എഫ്,​ ജഴ്സി തുടങ്ങിയ ഇനങ്ങളിലുള്ള സങ്കരയിനം പശുക്കളെ പരിപാലിക്കാൻ കഴിയാതെ പലരും വിറ്റഴിക്കുകയാണ്. സ്വഭാവിക ചൂട് പോലും ഇവയ്ക്ക് താങ്ങാൻ കഴിയില്ല. ഇതിനാൽ അധിക പരിപാലനം ആവശ്യമാണ്. ജനുവരിയ്ക്ക് ശേഷം താപനിലയിൽ നേരിയ കുറവുണ്ടായി അന്തരീക്ഷ തണുത്തത് കഴിഞ്ഞദിവസത്തെ രാത്രി പെയ്ത മഴയ്ക്ക് ശേഷമാണ്. വേനൽ ഇത്രയും ദീർഘിക്കുന്നത് സമീപകാലത്ത് ഇതാദ്യമാണ്. ഏതാനും വർഷങ്ങളായി മാർച്ചിൽ മഴ പെയ്ത് പച്ചപ്പുൽ വ്യാപകമാകുകയും പകൽച്ചൂട് കുറയുകയും ചെയ്തിരുന്നു.

 ചത്തത് 16 പശുക്കൾ

നാലാഴ്ചയ്ക്കിടെ 16 പശുക്കൾ അമിതോഷ്ണത്തിൽ ചത്തു. നഷ്ടപരിഹാരമൊട്ട് ലഭിച്ചുമില്ല. ഏഴ് ആടും 12 പന്നിയും 60 ലെയർ കോഴികളം ചത്തവയിൽപ്പെടുന്നു. വേനൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും പകൽച്ചൂട് ഉയർന്നു നിൽക്കുന്നതിനാൽ കാലികളെ സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. പകൽ സമയത്തു കാലികളെ വെയിൽ ഏൽക്കുംവിധം കെട്ടരുത്. ശരീരം തണുപ്പിക്കാൻ ആവശ്യമായ കരുതൽ സ്വീകരിക്കണം. ഇടയ്ക്കിടെ നനച്ചോ, നനഞ്ഞ ചാക്കോ, തുണിയോ ഇട്ടോ ശരീരം തണുപ്പിക്കണം.

''രണ്ടുനേരം തീറ്റ കൊടുത്തും പരമാവധി വെള്ളം നൽകിയും കാലികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം.

മൃഗസംരക്ഷണവകുപ്പ് അധികൃതർ

Advertisement
Advertisement