ചേർത്തല റെയിൽവേ സ്റ്റേഷനിൽ ....... വരുമാനത്തിൽ കുറവില്ല, സൗകര്യങ്ങൾ ഇല്ലേയില്ല

Monday 13 May 2024 12:19 AM IST

ചേർത്തല : പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ പോലും പരിമിതമായ ചേർത്തല റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ കാത്തിരിക്കുന്നത് അസൗകര്യങ്ങളുടെ നീണ്ട പട്ടിക. ഒന്നാംനമ്പർ പ്ളാറ്റ് ഫോമിൽ നിറുത്തിക്കൊണ്ടിരുന്ന ട്രെയിനുകൾ ഇപ്പോൾ രണ്ടാമത്തെയും മൂന്നാമത്തെയും പ്ളാറ്റ്ഫോമിൽ നിറുത്തുന്നതിനാൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതം ചെറുതല്ല.

മേൽപ്പാലം കയറിവേണം ഇവിടേക്ക് എത്തേണ്ടതെന്നതിനാൽ പ്രായമായവരും ആർ.സി.സിയിലേക്കുൾപ്പടെ ചികിത്സയ്ക്ക് പോകുന്ന രോഗികളും ഭിന്നശേഷിക്കാരും വളരെയേറെ ബുദ്ധിമുട്ടുന്നു. രണ്ടാമത്തെ ഫ്ലാറ്റ്‌ഫോമിൽ ഭാഗികമായി മാത്രമാണ് മേൽക്കൂരയും ഇരിപ്പിടവുമുള്ളത്. ഇതുമൂലം യാത്രക്കാർ വെയിലുംമഴയും കൊള്ളേണ്ട അവസ്ഥയുമാണ്. ടിക്കറ്റ് എടുക്കുന്നതിന് ഒരു കൗണ്ടറേ ഉള്ളൂ. രണ്ട് ട്രെയിനുകൾ ഒരേസമയം എത്തുമ്പോൾ കൗണ്ടറിൽ വൻതിരക്കാണ്.

സ്​റ്റേഷനിലെ ഇരിപ്പിടങ്ങളും തുരുമ്പെടുത്തു. മൂന്നാം പ്ലാറ്റ്ഫോമിന് പടിഞ്ഞാറ് ഭാഗത്ത് കാടുപിടിച്ചുകിടക്കുന്നതിനാൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. സെക്കൻഡ് ക്ളാസ് ടിക്കറ്റുള്ള യാത്രക്കാർക്കുമാത്രമാണ് സ്റ്റേഷനിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള അനുമതിയുള്ളത്. ഇവർക്ക് സ്റ്റേഷൻമാസ്റ്റർ ബാത്ത്‌ റൂമിന്റെ താക്കോൽ നൽകും.

എത്തിപ്പെടാൻ പെടാപ്പാട്

1.റെയിൽവേ സ്​റ്റേഷൻ ദേശീയപാതക്കരികിലാണെങ്കിലും ഇവിടേക്ക് വന്നുപോകാൻ ഏറെ പ്രയാസപ്പെടണം.
2.ചേർത്തല നഗരത്തിൽ നിന്ന് ഇവിടേക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി,ഫാസ്റ്റ്, സ്വകാര്യബസ് സർവീസുകൾ കുറവാണ്

3. സന്ധ്യകഴിഞ്ഞു റെയിൽവേ സ്​റ്റേഷനിലെത്തുന്ന യാത്രക്കാർ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരും

ഭീഷണിയായി തെരുവ് നായ്ക്കളും
റെയിൽവേ സ്​റ്റേഷനിൽ തെരുവ് നായ്ക്കളുടെ ശല്യം യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. യാത്രക്കാരുടെ ഇരിപ്പിടങ്ങൾക്ക് സമീപവും മ​റ്റും തെരുവ് നായ്ക്കൾ കിടക്കുന്നതിനാൽ കുട്ടികളുമായും മ​റ്റും യാത്രയ്‌ക്കെത്തുന്നവർ ഇവയെ ഭയന്നുവേണം സ്​റ്റേഷനിൽ ഇരിക്കുവാൻ.യാത്രക്കാരെ നായ് കടിച്ച സംഭവും ഉണ്ടായിട്ടുണ്ട്.

ദിവസേന കടന്നുപോകുന്ന ട്രെയിനുകൾ: 30

പ്രതിദിന വരുമാനം : 3 ലക്ഷം

ഭൂരിഭാഗം ട്രെയിനുകളും രണ്ടുംമൂന്നും പ്ലാറ്റ് ഫോമിലാണ് നിർത്തുന്നത്. പ്രായമായവരേയും രോഗികളേയും വളരെ പണിപ്പെട്ടാണ് രണ്ടാം പ്ലാറ്റ് ഫോമിലേയ്ക്ക് എത്തിക്കുന്നത്.ട്രെയിനുകൾ ഒന്നാം പ്ലാറ്റ് ഫോമിൽ നിർത്തുന്നതിനുള്ള നടപടി വേണം

- വീണ ശശികുമാർ,മഠത്തിൽ,കോക്കോതമംഗലം (യാത്രക്കാരി)

യാത്രക്കാർക്ക് സ്റ്റേഷനിലേക്കെത്താൻ കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും ട്രെയിനിന്റെ സമയത്തിന് അനുസരിച്ച് കൂടുതൽ സർവീസ് നടത്തണം. യാത്രാസൗകര്യം പരിമിതമായതിനാൽ വൻ സാമ്പത്തികനഷ്ടമാണ് യാത്രക്കാർക്ക് ഉണ്ടാകുന്നത്

- വേളോർവട്ടം ശശികുമാർ, ചെയർമാൻ, ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ

Advertisement
Advertisement