ശമ്പളം ചോദിച്ച് തർക്കം; ജീവനക്കാരനെ വെട്ടിയ സ്ഥാപനയുടമ അറസ്റ്റിൽ

Monday 13 May 2024 1:38 AM IST

കൊച്ചി: മാർച്ചിലെ ശമ്പളം നൽകാത്തതിനെ ചൊല്ലിയുണ്ടായ അടിപിടിക്കിടെ ഇന്റീരിയർ സ്ഥാപനയുടമ ജീവനക്കാരനെ വെട്ടിവീഴ്‌ത്തി. പാലക്കാട് ആലത്തൂർ കോട്ടേക്കാട് വീട്ടിൽ അനിൽകുമാറിനാണ് വെട്ടേറ്റത്. കഴുത്തിനും നെഞ്ചിനും കൈയ്ക്കും പരിക്കേറ്റ ഇയാൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തുന്ന പാലാരിവട്ടം സ്വദേശി അഭിലാഷിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ചയാണ് പ്രതിയെ പിടികൂടിയത്.

ഏതാനും നാളുകളായി അഭിലാഷിന്റെ സ്ഥാപനത്തിലാണ് അനിൽകുമാർ ജോലി ചെയ്യുന്നത്. സംഭവ ദിവസം അഭിലാഷിന്റെ തറവാട് വീട്ടിൽ നിന്ന് പുതിയ താമസസ്ഥലത്തേയ്ക്ക് വീട്ടുപകരണങ്ങൾ മാറ്റുന്നതിന് അനിൽകുമാറിനെയും മറ്റ് രണ്ടുപേരെയും സഹായത്തിനായി കൂട്ടിയിരുന്നു. സാധനങ്ങൾ മാറ്റിയതിന് ശേഷം രാത്രി ഒന്നിച്ചിരുന്നു മദ്യപിക്കെ അനിൽകുമാർ മാർച്ചിലെ ശമ്പളം ചോദിച്ചു. പിറ്റേന്ന് സ്ഥാപനത്തിൽവച്ച് നൽകാമെന്ന് പറഞ്ഞെങ്കിലും അനിൽകുമാർ അതിന് വഴങ്ങിയില്ല. തുടർന്നുണ്ടായ

വാക്കുതർക്കം അടിപിടിയിലായി. അനിൽകുമാർ അഭിലാഷിനെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടെ ജിപ്‌സംബോർഡ് മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് അഭിലാഷ് തിരിച്ച് ആക്രമിക്കുകയായിരുന്നു.

അനിൽകുമാറിന് കഴുത്തിൽ മാത്രം ഒമ്പത് തുന്നിക്കെട്ടലുണ്ട്. സാരമുള്ള മുറിവാണ്. ആശുപത്രിയിൽ നിന്ന് ലഭിച്ച് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തു. തുടർന്ന് ഐ.പി.സി 308 പ്രകാരം കേസെടുത്തു. അന്വേഷണത്തിൽ കുറ്റകൃത്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വകുപ്പ് 307ആയി ഉയർത്തി. മർദ്ദനമേറ്റ പ്രതി ചികിത്സേതടിയ ശേഷം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങവെയാണ് അറസ്റ്റ് ചെയ്തത്. അഭിലാഷിനെ കോടതിയിൽ ഹജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement