കരമനയിലെ കല്ലുകൊണ്ടിടിച്ച് കൊലപാതകം; പ്രധാന പ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ

Sunday 12 May 2024 10:34 PM IST

തിരുവനന്തപുരം: കരമനയിൽ നടുറോഡിൽ അഖിൽ എന്ന യുവാവിനെ കല്ലുകൊണ്ടിടിച്ച് കൊന്ന സംഭവത്തിലെ ഒരാൾ കൂടി പിടിയിൽ. സുമേഷ് ആണ് പൊലീസ് പിടിയിലായത്. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയിൽ നിന്നാണ് ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്.

ഇന്ന് രാവിലെയാണ് അഖിൽ അപ്പു, വിനീത് രാജ് എന്നീ പ്രതികളെ പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നാണ് അഖിൽ അപ്പുവിനെ പിടികൂടുന്നത്. രാജാജി നഗറിന് സമീപത്തുനിന്നാണ് വിനീത് രാജിനെ പിടികൂടിയത്. വിനീതാണ് കല്ലുകാെണ്ട് അഖിലിനെ തലയിൽ ഉൾപ്പടെ ഇടിച്ചത്. പ്രതികളിലെല്ലാവരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്.

പ്രതികൾ സഞ്ചരിച്ച കാർ അനീഷാണ് ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഇവർ സഞ്ചരിച്ചിരുന്ന വെള്ള നിറത്തിലുള്ള ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനം വിഴിഞ്ഞത്ത് നിന്ന് വാടകയ്ക്ക് എടുത്തതാണ്. അനീഷ് ഉൾപ്പെടെ നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അനന്തു വധക്കേസിൽ കോടതിയിൽ ഹാജരായ ശേഷമാണ് ഇവർ അഖിലിനെ വധിക്കാൻ പദ്ധതിയിട്ടതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. കോടതിയിൽ നിന്ന് തിരിച്ച് കരമനയിലെത്തിയ പ്രതികൾ അഖിലിന്റെ സംഘത്തിലുള്ള മറ്റൊരാളെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. എന്നാൽ ആദ്യം കണ്ടത് അഖിലിനെയായിരുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പ് ദിവസം പാപ്പനംകോട്ടെ ഒരു ബാറിലുണ്ടായ സംഘർഷത്തിന്റെ പ്രതികാരമായിരുന്നു കൊലപാതകം. അനന്തു കൊലക്കേസ് പ്രതികളിലെ മൂന്നുപേർക്ക് ബാറിലെ സംഘർഷത്തിൽ പരിക്കേറ്റിരുന്നു. അഖിൽ ഉൾപ്പെടെ എട്ടുപേരാണ് ഇവരെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പ്രതികളെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഖിലിനെ കമ്പും കല്ലും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.15ഓടെ അഖിൽ മരിക്കുകയായിരുന്നു.

Advertisement
Advertisement