വോട്ടിന് കൂറസ്സാരി , വലിച്ചെറിഞ്ഞ് വനിതകൾ

Monday 13 May 2024 12:00 AM IST

വിജയവാഡ: ആന്ധ്രയിൽ സ്ത്രീ വോട്ടർമാരെ ചാക്കിടാൻ നൽകിയ

സാരികൾ നേതാവിന്റെ വീട്ടിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധം. സാരി മോശമായതാണത്രെ കാരണം. വോട്ടിനു പണം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് വോട്ടർമാർ പലയിടത്തും തെരുവിൽ ഇറങ്ങിയതും വിനയായി. ഇതിന്റെയെല്ലാം വീഡിയോ പ്രചരിച്ചതോടെ പണവും സമ്മാനങ്ങളും വിതരണം ചെയ്തതിനു തെളിവായി.

കിഴക്കൻ ഗോദാവരി ജില്ലയിലെ കോതപേട്ട മണ്ഡലത്തിൽ വൈ.എസ്.ആർ.സി.പി സ്ഥാനാർത്ഥിക്കുവേണ്ടി വിതരണം ചെയ്ത സാരികളാണ് ഒരു കൂട്ടം വനിതകൾ പ്രാദേശിക നേതാവിന്റെ വീട്ടിലേക്ക് വലിച്ചെറിഞ്ഞത്. സിറ്റിംഗ് എം.എൽ.എ ചിർള ജഗ്ഗിറെഡ്ഡിയാണ് ഇവിടെ വൈ.എസ്.ആ‌ർ.സി.പി സ്ഥാനാർത്ഥി. എതിർ സ്ഥാനാർത്ഥികളാരെങ്കിലും കരുതിക്കൂട്ടി സ്ത്രീകളെ ഇറക്കിയതാണോ എന്നും വ്യക്തമല്ല. 11നാണ് സാരികൾ വിതരണം ചെയ്‌തത്.

തീരദേശ ജില്ലയായ പൽനാടുവിൽ വോട്ടിനു വാഗ്ദാനം ചെയ്ത പണം നൽകാത്ത രോഷത്തിൽ സ്ത്രീകൾ ഒരു നേതാവിനെതിരെ തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തരാമെന്ന് പറഞ്ഞത് കിട്ടിയില്ലെന്നും എന്നിട്ടും മുന്നിൽ വരാൻ നാണമില്ലേ എന്നുമാണ് സ്ത്രീകളുടെ ചോദ്യം.

ജെ.എസ്.പിയുടെ പവൻ കല്യാണും വൈ.എസ്.ആർ.സി.പിയുടെ ഗീതയും തമ്മിൽ മത്സരിക്കുന്ന പിത്താപുരത്ത് വൈ.എസ്.ആർ.സി.പി ഓഫീസിന് മുന്നിലും വോട്ടർമാർ പ്രതിഷേധിച്ചു. ആളൊന്നുക്ക് വാഗ്ദാനം ചെയ്ത 3000 രൂപ ചിലർക്കുമാത്രം നൽകിയതാണ് അവരെ ചൊടിപ്പിച്ചത്. കൈക്കൂലി വിതരണം ഏൽപ്പിച്ച നേതാക്കൾ ഒളിവിൽ പോയി. പൊലിസ് കേസെടുത്തു.

പൽനാട് ജില്ലയിൽ ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പിയുടെ ലേബൽ പതിച്ച 33.6 ലക്ഷം രൂപയുടെ 5,472 സാരികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച പിടിച്ചെടുത്തിരുന്നു.

വോട്ടിനു പണം നൽകുന്നതും വോട്ടുറപ്പിക്കാൻ സത്യം ചെയ്യിക്കുന്നതും ഇവിടെ പതിവാണ്.

ജനുവരി ഒന്നു മുതൽ 176 കോടി രൂപയും ആഭരണങ്ങളും മയക്കുമരുന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തിട്ടുണ്ട്.

Advertisement
Advertisement