ഗുഡ്ഗാവിൽ ആവേശ പോരാട്ടം

Monday 13 May 2024 12:51 AM IST
രാഹുൽ യാദവ് ഫാസിൽപുരിയ, റാവു ഇന്ദർജിത് സിംഗ്, രാജ് ബബ്ബർ

ന്യൂഡൽഹി : ഔദ്യോഗിക പേര് ഗുരുഗ്രാം. സാറ്റലൈറ്റ് സിറ്റി. രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി ഹബ്ബും, മൂന്നാമത്തെ ബാങ്കിംഗ് ഹബ്ബും. മെഡിക്കൽ ടൂറിസത്തിന് പ്രസിദ്ധം. ഗുഡ്ഗാവ് മണ്ഡലത്തിൽ ത്രികോണ മത്സരമാണ്. മൂന്നുതവണ എം.പിയും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദർജിത് സിംഗാണ് ഇത്തവണയും ബി.ജെ.പി സ്ഥാനാർത്ഥി. 2019ൽ 3,86,256 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. 2009ൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച റാവു ഇന്ദർജിത് സിംഗ് 2013ൽ ബി.ജെ.പിയിൽ ചേക്കേറി 2014ൽ ജയിച്ചു. 2019ലും ജയം ആവർത്തിച്ചു.

ബി.ജെ.പിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാൻ ബോളിവുഡ് നടൻ രാജ് ബബ്ബറിനെയാണ് കോൺഗ്രസ് ഇറക്കിയത്. ഹരിയാന മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഉൾപ്പെടെ ബബ്ബറിനായി പ്രചാരണത്തിൽ സജീവമാണ്. നടന്റെ മകൾ ജൂഹിയും രംഗത്തുണ്ട്. ജൻനായക് ജനതാ പാർട്ടി (ജെ.ജെ.പി) കളത്തിലിറക്കിയത് ഗായകൻ രാഹുൽ യാദവ് ഫാസിൽ പുരിയെ ആണ്. ഡി.ജെ. പാർട്ടിക്ക് ലഹരിയായി പാമ്പിൻ വിഷം ഏർപ്പെടുത്തിയെന്ന ആരോപണം നേരിട്ട ഗായകനാണ്.

ഹരിയാനയിൽ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കെ, ബി.ജെ.പി പക്ഷത്തായിരുന്ന ജെ.ജെ.പി ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. അടിയൊഴുക്കുകൾ ഉണ്ടായാൽ അട്ടിമറി സംഭവിച്ചേക്കാം. ആറാംഘട്ടത്തിൽ മേയ് 25നാണ് വോട്ടെടുപ്പ്.

2019ലെ ഫലം

 റാവു ഇന്ദർജിത് സിംഗ് (ബി.ജെ.പി) - 881,546 (60.94 %)​

 ക്യാപ്റ്റൻ അജയ് സിംഗ് യാദവ് (കോൺഗ്രസ്) - 4,95,290 വോട്ട് (34.24 %)​

 നോട്ട - 5,389 വോട്ട് (0.37 %)​

Advertisement
Advertisement