'ഓപ്പറേഷൻ എലിഫന്റ്' ദൗത്യം: ആറളത്തെ 44 ആനകൾ കാടുകയറി

Monday 13 May 2024 12:02 AM IST

ഇരിട്ടി: ആറളം ഫാമിനകത്ത് നാശം വിതയ്ക്കുന്ന ആനകളെ വിരട്ടിയോടിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ എലിഫന്റ്' ദൗത്യത്തിൽ ഇതുവരെ കാടുകയറ്റിയത് 44 ആനകൾ. 'ഓപ്പറേഷൻ എലിഫന്റ്' നാലാം ഘട്ടത്തിൽ മാത്രം ദൗത്യ സംഘത്തിനു നേരെ നാലു തവണ കാട്ടാനക്കൂട്ടം തിരിഞ്ഞിരുന്നു. ഡെപ്യൂട്ടി റേഞ്ചർമാരും ഫാം സെക്യൂരിറ്റി ഓഫീസറും സൂപ്രണ്ടും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

രണ്ട് മാസത്തിനിടെ നാലു ഘട്ടങ്ങളിലായാണ് തുരത്തൽ നടപടി തുടരുന്നത്. കഴിഞ്ഞദിവസം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13ൽ ഓടച്ചാലിൽ നിന്ന് കുട്ടിയാന ഉൾപ്പെടെ 6 കാട്ടാനകളെ കൂടി ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തി. ഇതോടെ 6 ദിവസത്തിനിടെ 16 കാട്ടാനകളെ തുരത്തിയതിന്റെ ആശ്വാസത്തിലാണ് ദൗത്യ സംഘം.

കഴിഞ്ഞദിവസം ഓടച്ചാലിൽ കണ്ട കാട്ടാനകളെയും കോട്ടപ്പാറ വഴിയാണ് ആറളം വന്യജീവി സങ്കേതത്തിലേക്കു കയറ്റി വിട്ടത്. തിരിച്ചു ഫാമിലേക്കു വരാതിരിക്കാൻ വൈദ്യുതി വേലി ചാർജ് ചെയ്തു. പുനരധിവാസ മേഖലയിൽ ഇനി കാട്ടാനകൾ ഇല്ലെന്നതാണ് ആർ.ആർ.ടിയുടെ നിഗമനം. അതേസമയം ഫാം കൃഷിയിടത്തിൽ 6 കാട്ടാനകൾ കൂടി തമ്പടിച്ചിട്ടുണ്ട്. പുനരധിവാസ മേഖലയിൽ കാട്ടാന സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കും വരെ തുരത്തൽ തുടരും.

കാട്ടാന ശല്യം രൂക്ഷമായതോടെ സബ് കളക്ടർ സന്ദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ – ജനകീയ കമ്മിറ്റി യോഗം തീരുമാനം അനുസരിച്ചാണ് ആന തുരത്തൽ നാലാംഘട്ടം തുടങ്ങിയത്. ഇതിനു മുൻപ് മൂന്ന് ഘട്ടങ്ങളിലായി 13 ദിവസമാണ് ആന തുരത്തൽ നടത്തിയത്. സബ് കളക്ടറുടെ നിർദേശം ലഭിക്കുന്നതനുസരിച്ച് ഇന്ന് മുതൽ ഫാം കൃഷിയിടത്തിലെ ആനതുരത്തൽ തുടരുനാണ് തീരുമാനം.

ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിലും ആന ശല്യത്തിൽ നിന്ന് പൂർണമായ സുരക്ഷ വേണമെങ്കിൽ വന്യജീവി സങ്കേതം അതിരിൽ 37.9 കോടി രൂപ ചെലവിൽ പണി നടക്കുന്ന 10.5 കിലോമീറ്റർ ആന മതിൽ പണി പൂർത്തിയാകേണ്ടതുണ്ട്.

12 ജീവനെടുത്ത

കരിവീരന്മാർ

കഴിഞ്ഞ 10 വർഷത്തിനിടെ 12 പേരുടെ ജീവനാണ് ഫാമിലും പുനരധിവാസമേഖലയിലും കാട്ടാനകൾ കവർന്നത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഫാം കൃഷിയിടത്തിൽ മാത്രം 45 കോടി രൂപയുടെ വിളനാശം ഉണ്ടായി. ഇപ്പോഴും ഫാം കൃഷിയിടത്തിലെ കായ്ഫലം ഉള്ള തെങ്ങും കശുമാവും ഓരോ ദിവസവും തകർത്ത് ആന ഭക്ഷണമാക്കുന്നു.

ഞായറാഴ്ച വൈകുന്നേരം ആറളം ഫാമിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാന അക്രമമുണ്ടായി.

ആപത്ത് കൺമുന്നിൽ

ആറളം ഫാമിൽ ഓപ്പറേഷൻ എലിഫന്റ് ദൗത്യത്തിനിടെ വനം ദൗത്യ സംഘത്തിന്റെ വാഹനത്തിനു നേരെ പാഞ്ഞടുക്കുന്ന ആനയും കുട്ടിയാനയും കഴിഞ്ഞദിവസം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ജീപ്പ് വേഗത്തിൽ പിന്നോട്ടെടുത്ത് വെട്ടിച്ചാണ് തലനാരിഴയ്ക്ക് ഇവർ രക്ഷപ്പെട്ടത്. 'ഓപ്പറേഷൻ എലിഫന്റ്' നാലാം ഘട്ടത്തിൽ മാത്രം ദൗത്യ സംഘത്തിനു നേരെ നാലു തവണ കാട്ടാനക്കൂട്ടം തിരിഞ്ഞിരുന്നു

ഓപ്പറേഷൻ എലിഫന്റ്

ദൗത്യ സംഘാംഗങ്ങൾ
കൊട്ടിയൂർ റേഞ്ച് വനപാലകർ
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലുള്ള വനപാലകർ
വനം ദ്രുത പ്രതികരണ സേനാംഗങ്ങൾ
കണ്ണവം റേഞ്ച് വനപാലകർ
ആറളം ഫാം സുരക്ഷാ വിഭാഗം
ആറളം പൊലീസ്
ആരോഗ്യ വിഭാഗം
ആറളം പഞ്ചായത്ത്
ഫാം ആദിവാസി പുനരധിവാസ മിഷൻ

Advertisement
Advertisement