മോദിക്ക്  പ്രായപരിധിയിൽ കുരുക്കി‌ടാൻ  കേജ്‌രിവാൾ 

Monday 13 May 2024 12:03 AM IST

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായി ഇന്ന് പത്തു സംസ്ഥാനങ്ങളിലെ 96 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കാനിരിക്കേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രായം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി.

മോദിക്ക് അടുത്ത വർഷം സെപ്തംബർ 17ന് 75 വയസാകുമെന്നും ബി. ജെ. പി ചട്ടമനുസരിച്ച് റിട്ടയർ ചെയ്യേണ്ടിവരുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞതോടെയാണ് ഇതു രാഷ്ട്രീയ വിഷയമായത്. തൊട്ടുപിന്നാലെ അങ്ങനെയൊരു വ്യവസ്ഥ പാർട്ടി ഭരണഘടനയിൽ ഇല്ലെന്നും മോദി തന്നെ നയിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചിരുന്നു. മോദി തന്നെ വ്യക്തത വരുത്തണമെന്നാണ് ഇന്നലെ കേജ്‌രിവാൾ ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് മൂന്ന് ഘട്ടങ്ങൾ കൂടി ശേഷിക്കെ, വിഷയം സജീവമാക്കി നിർത്താനാണ് പ്രതിപക്ഷ ശ്രമം.

എൽ. കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ മോദി ഒതുക്കിയത് പ്രായപരിധിയുടെ പേരിലാണെന്ന് കേജ്‌രിവാൾ ശനിയാഴ്ച ആരോപിച്ചിരുന്നു. മോദി കൊണ്ടുവന്ന വ്യവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പിൻഗാമി ആരെന്ന് മോദി വ്യക്തമാക്കണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനകം ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യോഗി ആദിത്യനാഥിനെ മാറ്റുമെന്ന തന്റെ പരാമർശത്തിനെതിരെ ഒരു ബി.ജെ.പി നേതാവും പ്രതികരിച്ചില്ലെന്നും കേജ്‌രിവാൾ പറഞ്ഞു.

മോദിക്ക് സ്ഥാനമൊഴിയാൻ 2025 സെപ്തംബർ വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രതികരണം. ജൂണിൽ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നും അവകാശപ്പെട്ടു.

 അഭിഭാഷകനെ കണ്ട് കേജ്‌രിവാൾ

മദ്യനയക്കേസിൽ തനിക്കായി സുപ്രീംകോടതിയിൽ ഉൾപ്പെടെ നിയമപോരാട്ടം നടത്തുന്ന അഡ്വ. അഭിഷേക് മനു സിംഗ്‌വിയെ കേജ് രിവാൾ സന്ദർശിച്ചു. ഡൽഹിയിലെ സിംഗ്‌വിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ഡൽഹിയിലെ മോത്തിനഗർ മേഖലയിൽ അടക്കം റോഡ് ഷോ നടത്തി. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ കേജ്‌രിവാൾ പ്രചാരണത്തിന് പോകും.

Advertisement
Advertisement