ജഗൻ മോഹനോ നായിഡുവോ (ഡെക്ക്) ആന്ധ്രയിലെ ജനം ഇന്ന് വിധിയെഴുതും ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച്

Monday 13 May 2024 12:07 AM IST

ജഗൻ മോഹൻ റെഡ്ഡിയുടെ തുടർഭരണമോ അതോ ചന്ദ്രബാബു നായിഡുവിന്റെ തിരിച്ചുവരവോ? ഉത്തരം നൽകാൻ ആന്ധ്ര ഇന്ന് വിധിയെഴുതും. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയിൽ ഫലം പ്രവചനാതീതം.

ഒറ്റയ്ക്ക് മത്സരിക്കുന്ന ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.സി.പിയാണ് ഒരു വശത്ത്. ടി.ഡി.പി, ജനസേന, ബി.ജെ.പി സഖ്യം മറുവശത്ത്.

തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പു മാത്രമാണ് ടി.ഡി.പി എൻ.ഡി.എയിൽ ചേർന്നത്. വൈ.എസ്.ശർമ്മിള പടനയിക്കുന്ന കോൺഗ്രസിനൊപ്പം. ഇന്ത്യ മുന്നണിയുടെ ഭാഗമായ സി.പി.എം, സി.പി.ഐ പാർട്ടികളും ഒപ്പമുണ്ട്.

ആന്ധ്ര. സംസ്ഥാന രൂപീകരണത്തിന്റെ പത്താംവർഷത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിനു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരും ശർമ്മിളയ്ക്കു ശക്തിപകരാൻ രാഹുൽ ഗാന്ധിയും ആന്ധ്രയിൽ എത്തിയിരുന്നു.

ജാതിരാഷ്ട്രീയവും പണവും ഗതി നിർണയിക്കുന്ന സംസ്ഥാനമാണ് ആന്ധ്ര.നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ടി.ഡി.പിയും വൈ.എസ്.ആർ.സി.പിയും പ്രതിരോധത്തിലൂന്നിയാണ് ഇത്തവണ പ്രചാരണം നടത്തിയത്.

സംസ്ഥാന വിഭജനം നടന്ന് പത്ത് വർഷം കഴിഞ്ഞിട്ടും ആന്ധ്രയ്ക്കുള്ള പ്രത്യേക പദവി എന്ന ലക്ഷ്യം നേടാനാവാത്തത്, അമരാവതിയിൽ നിന്നുള്ള തലസ്ഥാനമാറ്റം വൈകുന്നത്, വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ എം.പിയുമായ വൈ.എസ്.വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജഗനും കടപ്പ എം.പി അവിനാഷ് റെഡ്ഡിക്കും എതിരെ ഉയർന്ന ആരോപണങ്ങൾ, അഴിമതി ആരോപണങ്ങൾ എന്നിവയെല്ലാം വൈ.എസ്.ആർ.സി.പിയെ ആശങ്കയിലാഴ്ത്തുന്നു.

കഴിഞ്ഞ അഞ്ച് വർഷവും പാർലമെന്റിൽ സഹായിച്ച ജഗനെതിരെ ബി.ജെ.പി ഉയർത്തുന്ന ആരോപണങ്ങൾക്ക് എത്രമാത്രം വിശ്വാസ്യത ഉണ്ടാകുമെന്ന ചോദ്യം ടി.ഡി.പിക്കുള്ളിൽ ഉയരുന്നുണ്ട്. തനിക്കെതിരായ കോഴക്കേസുകളും തുടർന്നുള്ള അറസ്റ്റും സംബന്ധിച്ച കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണു നായിഡുവിന്റെ വെല്ലുവിളി.

ന്യൂനപക്ഷവോട്ടുകൾ തങ്ങൾക്ക് അനുകൂലമായി കേന്ദ്രീകരിക്കുമെന്നാണ് വൈ.എസ്.ആർ.സി.പി പ്രതീക്ഷിക്കുന്നത്. ടി.ഡിപിയുടെ നട്ടെല്ലായ കമ്മ സമുദായവും പവൻ കല്യാൺ ഉൾപ്പെടുന്ന കാപ്പു സമുദായവും ഒന്നിക്കുമ്പോൾ നേട്ടമുണ്ടാക്കാനാകുമെന്ന് എൻ.ഡി.എയും കണക്കുകൂട്ടുന്നു. കടപ്പ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രവർത്തനം സജീവമാക്കിയത്.

നിയമസഭ: 2019ലെ കക്ഷിനില

ആകെ മണ്ഡലം: 175

വൈ.എസ്.ആർ കോൺഗ്രസ്: 151

ടി.ഡി.പി: 23, ജനസേന: 01

ലോക്‌സഭ

വൈ.എസ്.ആർ കോൺഗ്രസ്: 22

ടി.ഡി.പി: 03

ശ്രദ്ധേയ മത്സരം (ലോക്‌സഭ)

കടപ്പ- വൈ.എസ്.ശർമ്മിള (കോൺ.), അവിനാശ് റെഡ്ഡി (വൈ.എസ്.ആ‌ർ.സി.പി), ഭൂപേഷ് സുബ്രഹ്മണി റെഡ്ഡി (ടി.ഡി.പി)

രാജമുൺട്രി- ഡി.പുരേന്ദേശ്വരി (ബി.ജെ.പി), ഗുണ്ടൂരി ശ്രീനിവാസ് (വൈ.എസ്.ആ‌ർ.സി.പി)

ഗുണ്ടൂർ-പെമ്മസാനി ചന്ദ്രശേഖർ (ടി.ഡി.പി), കിലാരി വെങ്കട റോസയ്യ (വൈ.എസ്.ആ‌ർ.സി.പി))

നിയമസഭ

പുലിവെന്തലു -ജഗൻമോഹൻ റെഡ്ഡി, (വൈ.എസ്.ആ‌ർ.സി.പി),എം.രവീന്ദ്രനാഥ് റെഡ്ഡി (ടി.ഡി.പി))

കുപ്പം - ചന്ദ്രബാബു നായിഡു (ടി.ഡി.പി), കെ.ആർ.ജെ ഭരത് (വൈ.എസ്.ആ‌ർ.സി.പി)

മംഗളഗിരി- നര ലോകേഷ് (ടി.ഡി.പി), എം.ലാവണ്യ (വൈ.എസ്.ആ‌ർ.സി.പി)

പിത്താപുരം- പവൻ കല്യാൺ (ജനസേന), വി.ഗീത (വൈ.എസ്.ആ‌ർ.സി.പി).