മോദിക്ക് ബദലായി പത്ത് കേജ്‌രിവാൾ ഗ്യാരന്റി

Monday 13 May 2024 12:10 AM IST

ന്യൂഡൽഹി : മോദി ഗ്യാരന്റിക്ക് ബദലായി പത്ത് ഗ്യാരന്റികൾ പ്രഖ്യാപിച്ച് ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ചൈന കൈയേറിയ ഭൂമി തിരിച്ചുപിടിക്കും, സൗജന്യചികിത്സ, 24 മണിക്കൂറും വൈദ്യുതി തുടങ്ങിയ ഗ്യാരന്റികളാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. അഴിമതിക്കാരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്ന ബി.ജെ.പിയുടെ വാഷിംഗ് മെഷീൻ തകർക്കും. 'ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാൽ ഗ്യാരന്റികൾ നടപ്പാക്കും. മോദി - കേജ്‌രിവാൾ ഗ്യാരന്റികളിൽ ഏതു വേണമെന്ന് ജനം തീരുമാനിക്കട്ടെ. സൗജന്യ വൈദ്യുതി, മികച്ച സ്കൂളുകൾ, മൊഹല്ല ക്ലിനിക് തുടങ്ങി ഡൽഹിയിൽ ആം ആദ്മി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കി. തന്റെ ഗ്യാരന്റികൾ രാജ്യത്താകെ എങ്ങനെ നടപ്പാക്കണമെന്ന് അറിയാം. മോദി അടുത്തവർഷം റിട്ടയർ ചെയ്യും. തന്റെ ഗ്യാരന്റികൾ നടപ്പാക്കാൻ താൻ ഇവിടെത്തന്നെ കാണുമെന്നും കേജ്‌രിവാൾ പറഞ്ഞു.

കേജ്‌രി ഗാരന്റികൾ

1. ദരിദ്രർക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

2. മികച്ച വിദ്യാഭ്യാസം

3. എല്ലാ ഗ്രാമങ്ങളിലും മൊഹല്ല ക്ലിനിക്. ആരോഗ്യരംഗത്ത് 5 ലക്ഷം കോടി മുടക്കും.

4. ചൈന കൈടേറിയ ഇന്ത്യൻ മണ്ണ് തിരിച്ചുപിടിക്കും.

5. അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും

6. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില

7. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി

8. വർഷത്തിൽ രണ്ട് കോടി തൊഴിലുകൾ

9. അഴിമതിക്കെതിരെ കടുത്ത നടപടി

10. ജി.എസ്.ടി ലളിതമാക്കും

 ബി.ജെ.പി പദ്ധതി പാളി

വാർത്താസമ്മേളനത്തിന് മുൻപ് കേജ്‌രിവാൾ പാർട്ടി നേതാക്കളുമായും എം.എൽ.എമാരുമായും കൂടിക്കാഴ്ച്ച നടത്തി. ഡൽഹി - പഞ്ചാബ് സർക്കാരുകളെ അട്ടിമറിക്കാനും, എം.എൽ.എമാരെ തട്ടിയെടുക്കാനുമുള്ള ബി.ജെ.പി പദ്ധതി പൊളിഞ്ഞു. രാഷ്ട്രീയ സാഹചര്യം അവർക്ക് പ്രതികൂലമായി. കരുത്തരായി നിന്നവരെ ഓർത്ത് പാർട്ടിയും രാജ്യവും അഭിമാനിക്കുന്നു. ജൂലായ് രണ്ടിന് ജയിലിലേക്ക് മടങ്ങും. അപ്പോഴും പാർട്ടിയെ നിയന്ത്രിച്ച് സജീവമായുണ്ടാകുമെന്നും, രാജ്യത്തിന് മികച്ച ഭാവി നൽകാൻ ആം ആദ്മി പാർട്ടിക്ക് കഴിയുമെന്നും കേജരിവാൾ പറഞ്ഞു.

Advertisement
Advertisement