16 കോടിയുടെ കുരുമുളക് മോഷണം; വൻ തട്ടിപ്പ് 3 പേർ പിടിയിൽ

Monday 13 May 2024 12:51 AM IST

മുംബയ്: 16 കോടിയോളം വില വരുന്ന കുരുമുളകും അടയ്ക്കയും മോഷ്‌ടിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. വൻ തട്ടിപ്പാണെന്നും പിന്നിൽ വലിയ സംഘമുണ്ടെന്നും പൊലീസ് അറിയിച്ചു. മുംബയിലാണ് സംഭവം. കസ്റ്റംസ് തീരുവ അടയ്ക്കാത്തതിനാൽ ക്ലിയറൻസിനായി വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന 16.06 കോടി രൂപ വിലമതിക്കുന്ന ഇറക്കുമതി ചെയ്ത കുരുമുളകും അടയ്ക്കയുമാണ് മോഷ്ടിച്ചത്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പലപ്പോഴായിട്ടായിരുന്നു മോഷണം. സഞ്ജയ് സാബ്ലെ (46), ആൽവിൻ സൽദാന (58), പ്രസാദ് കുർഹാഡെ (38) എന്നിവരാണ് അറസ്റ്റിലായത്. ഇറക്കുമതിക്ക് മുന്നിൽ നിന്ന് പ്രവർത്തിച്ച ഇവരാണ് സാധനങ്ങൾ സൂക്ഷിക്കാൻ വെയർ ഹൗസ് എടുത്തത്.

ആൽഫ ഇൻഡസ്ട്രീസ്, ഹൈലാൻഡ് ഇന്റർനാഷണൽ കമ്പനി, ഫ്യൂച്ചർ ഫാസ്റ്റ് ഇന്റർനാഷണൽ എന്നീ മൂന്ന് കമ്പനികളുടേതാണ് മോഷ്ടിക്കപ്പെട്ട സാധനങ്ങൾ. കമ്പനിയുടെ ഉടമകളെ കണ്ടെത്താനായിട്ടില്ല. ഇവരെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. കപ്പൽ മാർഗ്ഗം സാധനങ്ങൾ ഇറക്കുമതി ചെയ്യാനും, കസ്​റ്റംസ് വെയർ ഹൗസുകളിലേക്ക് മാറ്റാനും പിന്നീട് സാധനങ്ങൾ മോഷ്ടിച്ച് കസ്​റ്റംസ് തീരുവ നൽകാതെ വിപണിയിൽ വിറ്റ് ലാഭമുണ്ടാക്കാനുമാണ് സംഘം പദ്ധതിയിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വലിയ സംഘം മോഷണത്തിനു പിന്നിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement