കടം തിരിച്ചടവ്: സമയപരിധി നീട്ടാൻ ഇന്ത്യ തയാറെന്ന് മാലദ്വീപ് മന്ത്രി

Monday 13 May 2024 7:05 AM IST

മാലെ: 200 മില്യൺ ഡോളർ കടത്തിൽ 150 മില്യൺ ഡോളറിന്റെ തിരിച്ചടവ് സമയപരിധി നീട്ടുന്നതിൽ ഇന്ത്യ അനുകൂല നിലപാട് അറിയിച്ചെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. 2019ൽ മാലദ്വീപിലെ മുൻ സർക്കാർ എടുത്ത വായ്പയാണിത്. 50 മില്യൺ ഡോളർ ജനുവരിയിൽ തിരിച്ചടച്ചെന്നും സമീർ വ്യക്തമാക്കി. ശേഷിക്കുന്ന തുകയുടെ തിരിച്ചടവ് കാലാവധി നീട്ടുന്നതിന് പകരമായി ഇന്ത്യൻ സർക്കാർ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്നും സമീർ കൂട്ടിച്ചേർത്തു. ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ സമീർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനാവാദിയായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു സമീറിന്റെ സന്ദർശനം.

Advertisement
Advertisement