മോഡേൺ വേണ്ടേ വേണ്ട..!

Monday 13 May 2024 7:05 AM IST

ലണ്ടൻ : ഇന്നത്തെ ഫാഷൻ ട്രെന്റുകൾക്കെല്ലാം ഗുഡ്ബൈ പറഞ്ഞ് 19 - ാം നൂറ്റാണ്ടിലെ വസ്ത്രധാരണ ശൈലിയിലൂടെ വ്യത്യസ്തനായ വ്യക്തിയാണ് സാക്ക് പിൻസെന്റ് എന്ന 30 കാരൻ. സാക്കിനെ കണ്ടാൽ വില്യം ഷേക്‌സ്‌പിയറുടെ റൊമാന്റിക് നാടകങ്ങളിലെ നായകനെ പോലെ തോന്നാം. അല്ലെങ്കിൽ പുരാതന ഇംഗ്ലണ്ടിലോ മറ്റോ ജീവിച്ചിരുന്ന ഒരു പ്രഭുവിനെയോ നൈറ്റിനെയോ ഓർമിപ്പിക്കും.

ഇംഗ്ലണ്ടിലെ ബ്രിംഗ്ടൺ ടൗണിലൂടെ നടന്നു നീങ്ങുന്ന സാക്കിനെ ആദ്യമൊക്കെ എല്ലാവരും അമ്പരപ്പോടെയാണ് നോക്കിയിരുന്നെങ്കിലും ഇപ്പോൾ

അങ്ങനെയല്ല.

ചരിത്രത്തെ ഇഷ്‌ടപ്പെടുന്നവർക്ക് വേണ്ടി ഇത്തരം വസ്ത്രങ്ങൾ ഡിസൈൻ ചെയ്‌തു നൽകാനും സാക്ക് റെഡിയാണ്. 21ാം നൂറ്റാണ്ടിന്റെ തിരക്കു പിടിച്ച ജീവിതത്തിൽ തനിക്ക് ഈ വസ്ത്രധാരണം ആത്മവിശ്വാസം പകരുന്നുണ്ടെന്നാണ് സാക്ക് പറയുന്നത്. തന്റെ സന്തോഷത്തിനായാണ് താൻ വിക്ടോറിയൻ വസ്ത്രധാരണം സ്വീകരിച്ചിരിക്കുന്നതെന്നും സാക്ക് കൂട്ടിച്ചേർത്തു.

പഠനകാലത്തും താൻ ഇത്തരം വസ്ത്രണധാരണ ശൈലി തന്നെയാണ് സ്വീകരിച്ചിരുന്നതെന്നും സാക്ക് പറയുന്നു. മുട്ടോളം നീണ്ട ലെതർ ബൂട്ട്സും ഫ്ലോറൽ വെയ്സ്റ്റ് കോട്ടും വലിയ മേലങ്കിയും തലയിൽ തൊപ്പിയും ധരിച്ച് നിൽക്കുന്ന സാക്ക് നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന വിക്ടോറിയൻ പ്രഭുവിനെ സ്‌മരിപ്പിക്കുന്നു.

തന്റെ മുതുമുത്തച്ഛന്റെ പഴയ വസ്ത്രങ്ങൾ കണ്ടെത്തിയതോടെയാണ് തനിക്ക് ഇത്തരം വേഷധാരണത്തോട് ഇ‌ഷ്‌ടം കൂടി തുടങ്ങിയതെന്ന് സാക്ക് പറയുന്നു. കഠിനാമായ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം സാക്ക് സ്വയം തന്നെയാണ് വസ്ത്രങ്ങൾ തുന്നി തയാറാക്കുന്നത്. അവസാനത്തെ ജീൻസ് പാന്റ് തന്റെ 14 ാം വയസിൽ കത്തിച്ചു കളഞ്ഞത് സാക്ക് ഇന്നും ഓർക്കുന്നു. പിന്നീടങ്ങോട്ട് രാജഭരണകാലത്തെ കുലീനത നിറഞ്ഞു നിൽക്കുന്ന വസ്ത്ര ശൈലിയാണ് സാക്ക് പിന്തുടരുന്നത്.

പിൻസെന്റ് ടെയ്‌ലറിംഗ് എന്ന സ്ഥാപനവും സാക്ക് നടത്തുന്നുണ്ട്. ചരിത്രപരമായ ഫാഷനിൽ താത്‌പര്യമുള്ളവരും മ്യൂസിയങ്ങളും വസ്ത്രങ്ങൾക്കായി ഈ സ്ഥാപനത്തെ സമീപിക്കാറുണ്ട്. കൊവിഡ് കാലത്ത് സാക്ക് ചരിത്ര തീമിലുള്ള ഫേസ് മാസ്കുകൾ ഡിസൈൻ ചെയ്ത് തയാറാക്കി വിറ്റിരുന്നു. വിദേശത്ത് നിന്ന് പോലും സാക്കിന്റെ വസ്ത്രങ്ങൾ തേടി ആവശ്യക്കാർ എത്താറുണ്ട്.

Advertisement
Advertisement