ഇന്ത്യ നൽകിയ വിമാനങ്ങൾ പറത്താൻ കഴിവുള്ളവർ മാലദ്വീപ് സേനയിലില്ല; വെളിപ്പെടുത്തലുമായി പ്രതിരോധ മന്ത്രി

Monday 13 May 2024 11:40 AM IST

മാലെ: ഇന്ത്യ നൽകിയ മൂന്ന് യുദ്ധ വിമാനങ്ങൾ പറത്താൻ കഴിയുന്ന പൈലറ്റുമാർ മാലദ്വീപ് സൈന്യത്തിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൻ. മാലദ്വീപിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് സംസാരിക്കാനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്‌റ്ററുകളും ഒരു ഡോർണിയർ വിമാനവും പറത്താൻ കഴിവുള്ള ആരും മാലദ്വീപ് ദേശീയ പ്രതിരോധ സേനയിൽ ഇല്ലെന്ന് മന്ത്രി തുറന്ന് പറഞ്ഞത്. ഇന്ത്യൻ സൈനികരുടെ കീഴിൽ പരിശീലനം നടത്തിയിരുന്നുവെങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈന അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരത്തിലേറിയതോടെയാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. മേയ് പത്തിനകം 76 ഇന്ത്യൻ സൈനികർ മാലദ്വീപ് വിടണമെന്നായിരുന്നു മുയിസുവിന്റെ നിർദേശം. ഇതോടെ ഇന്ത്യ സൈനികരെ തിരിച്ചുവിളിച്ചു.

മാലദ്വീപിലെ സൈനികരെ പരിശീലിപ്പിക്കുന്നതിനായാണ് ഇന്ത്യൻ സൈനികർ അവിടേക്കെത്തിയത്. മുൻ പ്രസിഡന്റുമാരായ മുഹമ്മദ് നഷീദ്, അബ്ദുള്ള യമീൻ എന്നിവരുടെ കാലഘട്ടത്തിലാണ് ഇന്ത്യ മാലദ്വീപിന് ഹെലികോപ്റ്ററുകൾ നൽകിയത്. മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്താണ് ഡോർണിയർ യുദ്ധവിമാനം നൽകുന്നത്.

Advertisement
Advertisement