ഗുണ്ടകളുടെ അഴിഞ്ഞാട്ടം

Tuesday 14 May 2024 12:44 AM IST

സംസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം മനുഷ്യന്റെ സ്വൈര്യജീവിതത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ്, ക്രിമിനലുകളെ അമർച്ച ചെയ്യുന്നതിൽ പരാജയപ്പെടുന്നു എന്നു വെളിവാക്കുന്ന രീതിയിലാണ് ഗുണ്ടകൾ പകൽ വെളിച്ചത്തിൽപ്പോലും അഴിഞ്ഞാടുന്നത്. കാപ്പ നിയമം ഉപയോഗിച്ച് കൊടുംക്രിമിനലുകളെ തടവിലാക്കുന്നതിലെ ഒത്തുകളിയും ജാമ്യത്തിലും പരോളിലും ഇറങ്ങുന്ന ക്രിമിനലുകളെ അതത് സ്റ്റേഷൻ പരിധിയിൽ നിരീക്ഷിക്കുന്നതിലും പ്രകടമായ വീഴ്ചകളാണ് സംഭവിക്കുന്നത്. പ്രധാനമായും ഇതാണ് ഗുണ്ടാവിളയാട്ടം വർദ്ധിക്കാൻ ഇടയാക്കിയിരിക്കുന്നത്. അമിത ജോലിഭാരം കാരണം പൊലീസുകാരും സമ്മർദ്ദത്തിലാണ്. ഗുണ്ടകൾക്കു വേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലുകൾ,​ ഗുണ്ടകളെ ഒതുക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന മറ്റൊരു ഘടകമാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ നിരവധി ഗുണ്ടാ ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇപ്പോൾ പലയിടത്തും സിസി ടിവികൾ ഉള്ളതിനാൽ കൊലപാതകം നടത്തുന്ന പൈശാചിക രംഗങ്ങൾ സഹിതമാണ് ഗുണ്ടാ വിളയാട്ടങ്ങൾ പുറത്തുവരുന്നത്. ഇതാകട്ടെ ജനങ്ങളെ കൂടുതൽ ഭയവിഹ്വലരാക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റു ഗ്രൂപ്പുകളിലൂടെയും ഇത്തരം രംഗങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് സമാധാന ജീവിതം കാംക്ഷിക്കുന്നവരുടെ സ്വസ്ഥത കെടുത്തിയിരിക്കുന്നതിനൊപ്പം ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ഒരു പൊലീസ് സേനയില്ലേ എന്ന ചോദ്യവും ഉയർത്തുന്നു. ജാമ്യത്തിലിറങ്ങുന്ന പ്രതികളാണ് പലയിടത്തും ഗുണ്ടാ ആക്രണങ്ങൾക്ക് നേതൃത്വം നൽകുന്നത്. തിരുവനന്തപുരത്ത് അഖിൽ എന്ന സാധാരണക്കാരനായ യുവാവിനെ കല്ലുകൊണ്ടിടിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത് മറ്റൊരു കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ക്രിമിനലുകളാണ്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനു ശേഷമാണ് ഇവർ കൊല നടത്തിയത് എന്നത് പൊലീസിന്റെ ഇന്റലിജൻസ് സംവിധാനത്തിന്റെ വീഴ്ചകളിലേക്കു കൂടി വിരൽചൂണ്ടുന്നതാണ്.

അതേസമയം,​ ഈ ഹീനമായ കൊലപാതകത്തിൽ ഉൾപ്പെട്ട മിക്കവാറും എല്ലാ പ്രതികളെയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ അറസ്റ്റുചെയ്യാനായത് പൊലീസിന്റെ മികവാണെന്നു കൂടി ചൂണ്ടിക്കാട്ടണം. ഒരു സംഭവം ഉണ്ടാകുന്നതിനു മുമ്പ് വിവരങ്ങൾ ലഭിച്ചാൽപ്പോലും അതൊഴിവാക്കാനുള്ള ജാഗ്രത പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. കഴക്കൂട്ടത്ത് വീട്ടമ്മയുടെ കഴുത്തിൽ വെട്ടുകത്തി വച്ച് ഭീഷണിപ്പെടുത്തുകയും അവരുടെ ഭർത്താവിനെ മർദ്ദിക്കുകയും ചെയ്ത ഗുണ്ട,​ ആ കേസിൽ ജാമ്യത്തിലിറങ്ങി വന്ന് പരാതിക്കാരുടെ വീടിന് തീയിടുകയാണ് ചെയ്തത്. കേസെടുക്കുന്ന പൊലീസിനെ ഗുണ്ടകൾക്ക് തരിമ്പും പേടിയില്ല എന്നു തെളിയിക്കുന്നതു കൂടിയാണ് ഈ സംഭവം. ആലുവ ചൊവ്വരയിൽ ബസ് സ്റ്റാൻഡിലിരുന്ന മുൻ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ ഗുണ്ടകൾ തല്ലിച്ചതച്ചു. തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു. എറണാകുളത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണൂരിൽ പൊലീസിനു നേരെയാണ് ബോംബാക്രമണങ്ങൾ നടക്കുന്നത്.

ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടൽ കാരണം കാപ്പ നിയമം ഇപ്പോൾ ഏതാണ്ട് നോക്കുകുത്തിയായി മാറിയ അവസ്ഥയിലാണ്. കരുതൽ തടങ്കലിന് ഉത്തരവിടേണ്ട കളക്ടർക്കുള്ള അപേക്ഷയിൽ മനഃപൂർവം തെറ്റുകൾ വരുത്തി ഗുണ്ടകളെ രക്ഷിക്കാനുള്ള സംവിധാനം പൊലീസിൽ ശക്തമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. വി.ഐ.പി ഡ്യൂട്ടിക്കും എസ്‌കോർട്ടിനുമിടയിൽ ഗുണ്ടകൾക്കു പിറകെ നടക്കാൻ പൊലീസുകാർക്ക് സമയമില്ലെന്നതും ഒരു യാഥാർത്ഥ്യമാണ്. ഓരോ ജില്ലയിലും ഗുണ്ടകളെ നിരീക്ഷിക്കുകയും അമർച്ച ചെയ്യുകയും ചെയ്യുന്നതിന് സ്ഥിരമായ പ്രത്യേക സംഘം ഊർജ്ജിതമായി പ്രവർത്തിച്ചാലേ ഗുണ്ടകൾ പത്തിമടക്കൂ. ഇപ്പോൾത്തന്നെ ഇത്തരം സംഘങ്ങൾ ഉണ്ടെങ്കിലും മിക്കതും നിർജ്ജീവാവസ്ഥയിലാണ്. ഗുണ്ടാപ്പകയിൽ ആരുടെയെങ്കിലും ജീവൻ പൊലിയുമ്പോൾ മാത്രം ഉണർന്നാൽപ്പോരാ,​ ഇത്തരം സംഘങ്ങൾ.

Advertisement
Advertisement