കൊവിഷീൽഡ് ആശങ്കയിലെ നഷ്ടപരിഹാര സാദ്ധ്യത

Tuesday 14 May 2024 12:51 AM IST

കൊവിഷീൽഡ് വാക്സിന് അപൂർവമായെങ്കിലും പാർശ്വഫലങ്ങളുണ്ടാകാമെന്ന,​ അതിന്റെ നിർമ്മാതാക്കളായ ആസ്ട്രാസെനെക കമ്പനിയുടെ സത്യവാങ്മൂലം ‍ഞെട്ടിച്ചത് കേരളത്തിൽ ഉൾപ്പെടെ ലോകമെമ്പാടും ആ വാക്സിൻ ഉപയോഗിച്ചവരെയാണ്. ആഗോള തലത്തിൽ പല പേരുകളിൽ ഉപയോഗിച്ച ഈ വാക്സിൻ ഇന്ത്യയിൽ 175 കോടി ഡോസ് ആണ് ഉപയോഗിച്ചത്. രണ്ടു ഡോസ് കൊവിഷീൽഡ് വാക്സിൻ എടുത്തവരിൽ,​ രക്തക്കുഴലുകളിൽ തടസം (ബ്ലോക്ക്)​,​ അതുമൂലമുള്ള ഹൃദയാഘാതം,​ മസ്തിഷ്കാഘാതം എന്നിവയ്ക്ക് കാരണമായേക്കാമെന്നാണ് കമ്പനി ഇപ്പോൾ പറയുന്നത്.

കുത്തിവയ്പെടുത്ത്,​ നാലു മുതൽ 42 ദിവസം വരെ മാത്രമാണ് ഇത്തരം പാർശ്വഫലങ്ങൾക്കുള്ള സാദ്ധ്യതയെന്നതുകൊണ്ട് രണ്ടുവർഷം മുമ്പെടുത്ത കൊവിഡ് കുത്തിവയ്പിന്റെ കാര്യത്തിൽ കാര്യമായ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിചാരിക്കാമെങ്കിലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് ആസ്ട്രസെനെക ബ്രിട്ടനിലെ കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിലെ ഏറ്റുപറച്ചിൽ വഴിതുറന്നിരിക്കുന്നത്.

പ്രയോജനവും

പാർശ്വഫലവും

ഏതു മരുന്നിനും പാർശ്വഫലങ്ങളുണ്ടാകാം. അത് ഏതു നിർമ്മാണ കമ്പനിയും സമ്മതിക്കുകയും ചെയ്യും. കൊവിഡ് വാക്സിനും അതുണ്ടാകാമെന്ന് കമ്പനി നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ രോഗബാധിതരിൽ നൂറിൽ അഞ്ചു പേർ എന്ന കണക്കിന് മരിച്ചിരുന്നിടത്ത്,​ വാക്സിന്റെ വരവോടെ മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയെന്ന നിലയിലായി എന്നു മറക്കരുത്. 'പ്രയോജനം അധികം,​ പ്രത്യാഘാതം കുറവ്" എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ലോകം വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സ്വീകരിച്ച കൊവിഡ് പ്രതിരോധ കുത്തിവയ്പാണ് കൊവിഷീൽഡ്. നിർമ്മാതാക്കളുടെ സത്യവാങ്മൂലത്തെ തുടർന്ന് ബിട്ടനിൽ ഇപ്പോൾ ഇവർക്കെതിരെ നിയമയുദ്ധം മുറുകിയിരിക്കുകയാണ്. വാക്സ‌ിൻ സ്വീകരിച്ചതിനു ശേഷം തനിക്ക് മസ്‌തിഷ്‌ക സംബന്ധമായ സങ്കീർണതകളുണ്ടായെന്നു കാണിച്ച് ജെയിംസ്‌ സ്കോട്ട് എന്നൊരു വ്യക്തിയാണ് ആസ്ട്രസെനെക കമ്പനിക്കെതിരെ യു.കെയിൽ ആദ്യം കേസിനു പോയത്. തുടർന്ന് തത്തുല്യമായ പ്രശ്നങ്ങൾ നേരിടുന്ന 51 പേർ കൂടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ രൂപയുടെ കണക്കിൽ ഏതാണ്ട് ആയിരം കോടിയിലധികം രൂപയുടെ നഷ്ടപരിഹാരത്തിനുള്ള നിയമ നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

ഉത്തരവാദിത്വം

ആരെടുക്കും?​

കൊവിഷീൽഡിന്റെ ഇന്ത്യയിലെ ഉത്പാദകരും വിതരണക്കാരുമായ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിനെതിരെ ബോംബെ ഹൈക്കോടതിയിലും സമാനമായ കേസുണ്ട്. ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നവർക്ക് നഷ്ടപരിഹാരത്തിനു വ്യവസ്ഥയില്ലെന്നും,​ വാക്സിൻ സ്വീകരിക്കുന്നത് ഇവിടെ നിർബന്ധമാക്കിയിരുന്നില്ലെന്നുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. കുത്തിവയ്പു മരുന്ന് വികസിപ്പിക്കുന്നതിലെ പല കടമ്പകളും ആവർത്തിച്ചാവ‌ർത്തിച്ചുള്ള പരിശോധനാ ഘട്ടങ്ങളിൽ പലതും ഒഴിവാക്കി,​ ധൃതിയിൽ തുടങ്ങിയ വാക്സിനുകളുടെ കാര്യത്തിൽ നഷ്ടപരിഹാര വ്യവസ്‌ഥയില്ലാതെ നയം തയ്യാറാക്കിയതിന്റെ പേരിൽ കേന്ദ്ര സർക്കാരും വിമർശനം നേരിടുകയാണ്.

വാക്സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നതുൾപ്പെടെ അപൂർവമായി ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന ഉത്പാദക കമ്പനിയുടെ സ്ഥിരീകരണത്തോട് ആരോഗ്യമന്ത്രാലയം പ്രതികരിക്കാത്തത് കടുത്ത പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. അതേസമയം, വാക്‌സിന്റെ ഗവേഷകരായ ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റി ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പാർശ്വഫലത്തിന് അപൂർവമായി ചിലരിൽ സാദ്ധ്യതയുണ്ടാകാമെങ്കിലും കൊവിഡ് സ്യഷ്‌ടിക്കുന്ന അപകടം പരിഗണിക്കുമ്പോൾ കുത്തിവയ്പ് ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ നേരത്തേ സ്വീകരിച്ചിരുന്നത്.

വാക്സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ത്യയിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത് ആളുകളിൽ കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ പാർശ്വഫലങ്ങൾ മാത്രമാണ് ഇതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആരോഗ്യ വിദഗ്ദ്ധരുടെ പ്രതികരണം. വാക്സിനുകൾക്ക് നേരിയ തോതിൽ ഇത്തരം പാർശ്വഫലങ്ങളുണ്ടാകാം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നേരത്തേയുള്ള നിലപാട്. ആസ്ട്രസെനെകയുടെ സ്ഥിരീകരണത്തോട് ആരോഗ്യമന്ത്രാലയമോ ഇന്ത്യൻ ഉത്പാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ടോ പ്രതികരിച്ചിട്ടുമില്ല. എന്തായാലും ഇന്ത്യയിൽ കൊവിഷീൽഡിന്റെ പാർശ്വഫലം പരിശോധിക്കണമെന്ന് സുപ്രീം കോടതിയിൽ അഭിഭാഷകർ ഹർജി നൽകിയിരിക്കുകയാണ്.

നഷ്ടപരിഹാര

സാദ്ധ്യ

കൊവിഡ് വാക്സിൻ സ്വീകരിക്കുക വഴി പാർശ്വഫലങ്ങളോ മരണമോ സംഭവിച്ചാൽ നഷ്ടപരിഹാര ബാദ്ധ്യത കേന്ദ്ര സർക്കാരിനുണ്ടോ എന്ന ചോദ്യത്തിന് നിയമ പോരാട്ടത്തിലൂടെ മാത്രമേ ഉത്തരമാകൂ. സർക്കാർ നഷ്ടപരിഹാരം നല്കിയില്ലെങ്കിൽ നിയമവഴി തേടുക മാത്രമാണ് മാർഗം. അടിയന്തര സാഹചര്യത്തിൽ വാക്സിൻ നൽകാമെങ്കിലും ഉത്പാദകർ, സംസ്ഥാന സർക്കാർ, വാക്‌സിന് അംഗീകാരം നൽകുന്ന അധികാരി എന്നിവർക്കുമേൽ നഷ്ടപരിഹാര ബാദ്ധ്യത ചുമത്തി കേസിനു പോകാമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിലെ (1940) ബന്ധപ്പെട്ട വകുപ്പു പ്രകാരം, അംഗീകൃത അതോറിട്ടിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ട്.

വാക്സിൻ എടുത്തതിലൂടെ സ്ഥിരമായ വൈകല്യമോ മരണമോ സംഭവിച്ചാൽ ഫേറ്റൽ ആക്‌സിഡന്റ് ആക്ട് പ്രകാരവും നിയമപരിഹാരം തേടാം. ഇവയ്ക്കു പുറമേ, ഇന്ത്യൻ ശിക്ഷാ നിയമം 336, 337, 338 വകുപ്പുകൾ പ്രകാരവും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും നടപടിക്കു സാദ്ധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യജീവന് അപകടമുണ്ടാക്കുന്നതോ ആളുകളുടെ വ്യക്തിഗത സുരക്ഷയെ അപകടപ്പെടുത്തുന്നതോ ആയ,​ അവിവേകമോ അശ്രദ്ധമോ ആയ ഏതൊരു പ്രവൃത്തിയും ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 336 പ്രകാരം ശിക്ഷാർഹമാണ്. ഇതിനുള്ള തടവുശിക്ഷ മൂന്നു മാസം വരെയാകാം. പിഴയും ലഭിച്ചേക്കാം.

Advertisement
Advertisement