മഴമേഘം പോലൊരു സന്യാസി

Tuesday 14 May 2024 12:55 AM IST

 ഇന്ന്,​ ഗുരു നിത്യചൈതന്യയതിയുടെ ഇരുപത്തിയഞ്ചാം സമാധി വാർഷികം

സഞ്ചരിക്കുന്ന സർവകലാശാല എന്ന് ലോകം വാഴ്ത്തിയ ഗുരു നിത്യചൈതന്യയതിയുടെ ഇരുപത്തിയഞ്ചാം സമാധി വാർഷികമാണ് ഇന്ന്. സന്യാസത്തെ പുനർനിർവചിച്ച ഗുരു,​ ആദ്ധ്യാത്മിക വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന സന്യാസിമാർക്ക് അപവാദമായിരുന്നു. താൻ നേടിയെടുത്ത ആധ്യാത്മിക മൂല്യങ്ങളുടെ പ്രകാശംകൊണ്ട് വിദ്യാഭ്യാസം, സാഹിത്യം, സാമൂഹികത, ജാതി, മതം, ദൈവവിശ്വാസം, ശാസ്ത്രാവബോധം, മന:ശാസ്ത്രം, ജീവശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നിങ്ങനെയുള്ള വ്യത്യസ്ത വിജ്ഞാന മേഖലകളെ അദ്ദേഹം കൂടുതൽ ജീവസുറ്റതാക്കും ദിശാബോധമുള്ളതുമാക്കി!


ആധുനിക വിജ്ഞാനത്തെ ആദ്ധ്യാത്മിക തത്വചിന്തയുമായി സമന്വയിപ്പിച്ച് പുതിയൊരു ചിന്താ പദ്ധതി രൂപപ്പെടുത്താൻ നിത്യ ഗുരുവിനായി. ഇക്കാര്യത്തിൽ നടരാജഗുരുവിന്റെ മാതൃക അദ്ദേഹത്തിന്റെ രചനകളിൽ കാണാനാകും. മന:ശാസ്ത്രം, തത്വചിന്ത, സാമൂഹികദർശനം തുടങ്ങി ഏതു വിഷയമായാലും ജ്ഞാനികൾക്കു മാത്രമല്ല,​ എല്ലാ മനുഷ്യർക്കും വേണ്ടിയാണ് ഗുരു ചിന്തിക്കുകയും എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്തത്. തന്റെ സന്യാസത്തെക്കുറിച്ച് യതി ഒരിക്കൽ പറഞ്ഞത്,​ 'ദൈവമേ... നീ എന്നെയും ഒരു സന്യാസിയാക്കി വിട്ടല്ലോ" എന്നായിരുന്നു!

നിത്യചൈതന്യ യതിയുടെ സർഗാത്മക രചനകൾ നാരായണ ഗുരുവിലെ ഋഷിയും,​ നടരാജഗുരുവിലെ ശാസ്ത്രജ്ഞനും,​ ജന്മനാ ലഭിച്ച കവിഹൃദയവും ഒത്തുചേർന്നതാണ്. അങ്ങനെ കൈവന്ന അനുപമമായ സൗന്ദര്യമാണ് സാധാരണ വായനക്കാരെയും മനീഷികളെയും ഒരുപോലെ ഗുരുവിന്റെ രചനയിലേക്ക് ആകർഷിച്ചത്. എന്നാൽ അവയ്ക്ക് സൗന്ദര്യം നൽകിയ രത്നങ്ങൾ അവയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. അതു കണ്ടെത്തണമെങ്കിൽ നടരാജഗുരുവിന്റെ ചിന്താശൈലിയും,​ നാരായണ ഗുരുവിന്റെ സത്യദർശനവും പരിചയിച്ചിരിക്കണം. ഇതേക്കുറിച്ച് അറിവില്ലാത്ത സാധാരണ വായനക്കാർക്കു തോന്നുക,​ നിത്യചൈതന്യ യതി ഹൃദയസ്പർശിയായ ചില കാര്യങ്ങൾ പറയുന്നു എന്നു മാത്രമായിരിക്കും!

ഗുരുവായും മന:ശാസ്ത്രജ്ഞനായും സംഗീതജ്ഞനായും ചിത്രകാരനായും തത്വജ്ഞാനിയായും അദ്ധ്യാപകനായും ലോകരുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നിത്യചൈതന്യയതിക്കായി. വഴിതെറ്റി വന്നവർക്ക് വഴികാട്ടിയും,​ സത്യാന്വേഷിക്ക് മാർഗദർശകനും,​ സംശയാലുവിനെ ദൃഢബോധവാനാക്കുന്നവനും,​ വിശക്കുന്നവനെ ഊട്ടുന്നവനും,​സ്‌നേഹദാഹികൾക്ക് സ്‌നേഹദായകനും,​ നിരാലംബർക്ക് ആലംബവും,​ വഴക്കാളികളുടെ ഉറ്റ തോഴനും,​ മാനസിക രോഗികളുടെ ഉറ്റ ചങ്ങാതിയുമായിരുന്നു ഗുരു നിത്യ.

പാശ്ചാത്യ- പൗരസ്ത്യ ചിന്താധാരകളെ യോജിപ്പിച്ചുവച്ച് അവതരിപ്പിക്കുന്നതിൽ ഗുരു അസാമാന്യ പാടവം
പുലർത്തി. സംസ്‌കാരത്തിന്റെ ഉദയവും അത് ജന്മാന്തരങ്ങളിൽ വാസനയായി പോകുന്നതും ശാസ്ത്രയുക്തമായി പഠിക്കണമെന്നു കരുതി പാശ്ചാത്യവും പൗരസ്ത്യവുമായ ഒട്ടേറെ തത്വചിന്തകൾ ഗുരു വായിച്ചുപഠിച്ചു. രണ്ടു സമീപനങ്ങളെയും ന്യായയുക്തമായി സമന്വയിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഗുരു നിത്യ പറയുന്നു: 'പ്രാദേശികവും സാമൂഹികവുമായ മിക്ക സംസ്‌കാരങ്ങളും പാവ്‌ലോവ് പറയുന്നതു പോലെയുള്ള ഒരു കണ്ടിഷനിങ് മാത്രമാണ്. ഏതും കുറെ നാൾ ശീലമാക്കിയാൽ അതിന് സ്വന്തം മനസാക്ഷി അംഗീകാരവും മാന്യതയും മാത്രമല്ല,​ ദൈവികമായ ഒരു പരിവേഷം പോലും നല്കും!"

മഹാന്മാരുടെ കൂടെയുള്ള യാത്രകൾ ഗുരു ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചെറുപ്രായം മുതൽ ഏതാണ്ട് ജീവിതാവസാനം വരെയും ഈ യാത്രകൾ തുടർന്നുകൊണ്ടേയിരുന്നു. ലോകത്തിന്റെ വൈവിദ്ധ്യത, ആചാരരീതികൾ, കാലാവസ്ഥ, ചിന്താരീതികൾ, അറിവിന്റെ തലങ്ങൾ ഇങ്ങനെ നിരവധി വിഷയങ്ങളിലൂടെ യാത്ര കടന്നുപോകുമ്പോൾ നിത്യൻ പറയുന്നു: 'ഈ ലോകത്തേക്കാൾ വലിയൊരു വേദമില്ല. ആ വേദത്തിന്റെ പൊരുൾ ഒന്നൊന്നായി വെളിവാക്കിത്തരുന്നത് തികച്ചും യാദൃച്ഛികമെന്നു തോന്നുന്ന വസ്തുതകളാണ്. ആ യാദൃച്ഛികത സംഭവിച്ചില്ലെങ്കിൽ നമ്മുടെ ജീവിതം ഒരിക്കലും ധന്യവും സാന്ത്വനവും ആവുകയുമില്ല!"


യാത്രകൾ മാത്രമല്ല,​ ധ്യാനാത്മകമായ ജീവിതരീതി, വൈജ്ഞാനികമായ അനുഭവങ്ങൾ, അദ്ധ്യാത്മ പുരുഷന്മാരുമായുള്ള സഹവാസം, നിരന്തര പഠനം തുടങ്ങിയവയാണ് യതിയിലെ പണ്ഡിതനെ രൂപപ്പെടുത്തിയത്. കൂടാതെ,​ തന്റെ ഗുരുനാഥവായ നടരാജ ഗുരുവിനോടൊപ്പം ജീവിച്ചിരുന്ന കാലത്ത് ഗുരുദേവ കൃതികളിലെ നിഗൂഢാർത്ഥങ്ങളും രചനാരഹസ്യങ്ങളും നടരാജഗുരു യതിക്ക് വെളിപ്പെടുത്തിക്കൊടുത്തു. കുറച്ചു ദിവസം മഹാത്മാ ഗാന്ധിയോടൊപ്പം ഹരിജൻ സേവാദൾ വളണ്ടിയർ ആയി കഴിയാനുള്ള അവസരവും ഗുരു നിത്യയ്ക്ക് ലഭിച്ചു. പ്രാർത്ഥനാ യോഗത്തിൽ ഗാന്ധിജി ഗീതയിലെ ശ്ലോകങ്ങൾ ഉദ്ധരിച്ചത് ആ ദാർശനിക കൃതിയിലേക്ക് ശ്രദ്ധ തിരിയാൻ കാരണമായി. പിന്നീട് 'ഭഗവദ്ഗീതാ സ്വാദ്ധ്യായം" എന്ന കൃതി രചിക്കുവാനും ഇടയായി.


ഡോക്ടർ ജി. എച്ച്. മീസുമായുള്ള ബന്ധം,​ വിവിധ മതങ്ങളിലുള്ള ഗൂഢാർത്ഥ കഥകളെയും അവ ഉൾക്കൊള്ളുന്ന പ്രതീകങ്ങളെയും കുറിച്ച് അറിയുന്നതിനും ലോകസംസ്‌കാരങ്ങളെക്കുറിച്ചും വിവിധ ജനസമൂഹങ്ങളുടെ ജീവിത സമ്പ്രദായത്തെക്കുറിച്ചും പുതിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും സഹായിച്ചു. പാരമ്പര്യ മന:ശാസ്ത്രം,​ പുരാവൃത്തം,​ നരവംശ ശാസ്ത്രം എന്നീ വിഷയങ്ങളിൽ അറിവു നേടി. കൂടാതെ മതം, ദൈവം, സൗന്ദര്യം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ പുതിയ കാഴ്ചപ്പാടിന് രൂപം നൽകുവാനും ഗുരു നിത്യയ്ക്കു കഴിഞ്ഞു. മുപ്പതു വർഷത്തോളം കേരളത്തിന്റെ വൈജ്ഞാനിക,​ സാമൂഹിക,​ സാംസ്‌കാരിക രംഗത്ത് ഇളംകാറ്റു പോലെയോ തെളിനീരു പോലെയോ വീശുകയും ഒഴുകിപ്പരക്കുകയുമായിരുന്നു,​ ഗുരു നിത്യചൈതന്യ യതി.

Advertisement
Advertisement