പണിയുണ്ട്, പക്ഷേ ഞങ്ങൾക്ക് പണമില്ല

Monday 13 May 2024 7:41 PM IST

കോട്ടയം: സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായതോടെ മൃഗസംരക്ഷണ വകുപ്പിലെ രാത്രികാല ജീവനക്കാര്‍ക്ക് നാല് മാസമായി ശമ്പളമില്ല. ജില്ലയിൽ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി താത്ക്കാലിക ജീവനക്കാരായ 22 പേരാണ് വേതനമില്ലാതെ ജോലിയില്‍ തുടരുന്നത്.എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്ക്കാലിക നിയമനമായതിനാല്‍ സര്‍ക്കാർ ജീവനക്കാർക്കുള്ള മറ്റ് യാതൊരു ആനുകൂല്യവും ഇവർക്കില്ല. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയാണ് ശമ്പളം വൈകുന്നതിന് കാരണമായി പറയുമ്പോഴും ശമ്പളത്തിനായി അനുവദിച്ച പണം വകമാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം സ്ഥിരം ജീവനക്കാര്‍ക്കും വകുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾക്കും തടസമില്ലാതെ ഫണ്ട് ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ശമ്പളം (താത്ക്കാലിക ജീവനക്കാർ):

ഡോക്ടര്‍: 44050 രൂപ

ഡ്രൈവര്‍ കം അറ്റന്റര്‍:18390 രൂപ

ശമ്പളമില്ലാത്ത സാഹചര്യം ആദ്യം

ക്ഷീരകര്‍ഷകര്‍ക്ക് രാത്രിയിലും അടിയന്തിര സേവനം ഉറപ്പാക്കുന്നതിന് പത്ത് വര്‍ഷം മുന്‍പാണ് സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് രാത്രികാല സേവനം ആരംഭിച്ചത്. താത്ക്കാലിക ജീവനക്കാർക്ക് മാസങ്ങളായി വേതനം ലഭിക്കാത്ത സാഹചര്യം ആദ്യമാണ്. കഴിഞ്ഞ മാര്‍ച്ച് 23ന് സർക്കാർ 26 ലക്ഷം രൂപ അനുവദിച്ചെങ്കിലും ജില്ലയിലെ പതിനൊന്ന് ബ്ലോക്കിൽ ഒരു ബ്ലോക്കില്‍ മാത്രം രണ്ട് മാസത്തെ ശമ്പളം നല്‍കി. ബാക്കി തുക വിതരണം ചെയ്യും മുമ്പ് സര്‍ക്കാർ നിര്‍ദ്ദേശപ്രകാരം സറണ്ടര്‍ ചെയ്യേണ്ടി വന്നുവെന്നാണ് ജില്ലാ വെറ്ററിനറി അധികൃതരുടെ വിശദീകരണം

സംസ്ഥാനത്ത് ഉടനീളം മൃഗസംരക്ഷണ വകുപ്പിലെ രാത്രികാല ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത പ്രശ്നമുണ്ട്. ട്രഷറികളില്‍ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചാല്‍ ഉടന്‍ ജീവനക്കാരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റും.

ഡോ.അനില്‍കുമാര്‍ (ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍)

Advertisement
Advertisement