മുംബയ് നഗരത്തിൽ കനത്ത മഴയും കാറ്റും,​ പരസ്യബോർഡ് തകർന്ന് പുറത്തേക്ക് വീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

Monday 13 May 2024 7:53 PM IST

മുംബയ്: കനത്ത മഴയിലും ശക്തമായ കാറ്റിലും മുംബയ് നഗരത്തിലും സമീപത്തെ മെട്രോപൊളിറ്റൻ മേഖലയിലും നാശനഷ്‌ടങ്ങളുണ്ടായതായി റിപ്പോർട്ട്. നിരവധിയാളുകൾക്ക് പരിക്കേറ്റതായാണ് വിവരം. മുംബയ് ഘാട്‌കോപ്പർ ഭാഗത്ത് പെട്രോൾ പമ്പിന് സമീപത്തെ കൂറ്റൻ പരസ്യഹോർഡിംഗ് തകർന്നുവീണ് മൂന്നുപേർ മരിച്ചു.59 പേർക്ക് പരിക്കേറ്റതായാണ് സൂചന. നൂറിലധികം പേർ ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് ‌ഗ്രൗണ്ട് പെട്രോൾ പമ്പിലാണ് സംഭവം. എൻ‌ഡി‌ആർ‌എഫ് സംഘം സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. മുംബയോട് ചേർന്ന നഗരങ്ങളായ താനെ,​ അംബെർനാഥ്,​ ബദ്‌ലാപൂർ,​ കല്യാൺ,​ ഉല്ലാസ് നഗർ എന്നിവിടങ്ങളിലും കാറ്റും ഭേദപ്പെട്ട മഴയും ലഭിച്ചു.

കാർ പാർക്കിംഗ് സ്ഥലത്തെ ലിഫ്‌റ്റ് തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റു. വഡാലയിലാണ് സംഭവം. ഇവിടെ അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. വിമാന,​ ട്രെയിൻ ഗതാഗതവും മുംബയിൽ മഴയും മോശം കാലാവസ്ഥയും കാരണം തടസപ്പെട്ടു. കാഴ്‌ചാപരിധി മോശമായതിനെത്തുടർന്ന് മുംബയിലേക്ക് വന്ന നിരവധി വിമാനങ്ങൾ വഴിമാറ്റിവിട്ടു,​ 75 കിലോമീറ്റർ വരെ വേഗത്തിൽ മഴയെ തുടർന്ന് കാറ്റ് വീശിയതോടെയാണിത്.

റെയിൽവെ ഇലക്‌ട്രിക് ലൈനിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണതോടെയാണ് താനെ-മുലന്ദ് റെയിൽ സർവീസ് മുടങ്ങിയത്. താനെയിൽ വെള്ളം കയറുന്ന അവസ്ഥയുമുണ്ടായി. പരസ്യ ബാനറുകൾ ലൈനിൽ വീണ് അപകടമുണ്ടായതിനെത്തുടർന്ന് മെട്രോ ഗതാഗതവും തടസപ്പെട്ടതായി മെട്രോ റെയിൽ വക്താക്കൾ അറിയിച്ചു.