വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടടിച്ച യുവാക്കൾ അറസ്റ്റിൽ

Tuesday 14 May 2024 12:01 AM IST

കടയ്ക്കൽ: പട്ടാപ്പകൽ വർക്ക് ഷോപ്പിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. പെരിങ്ങമല കൊല്ലായിൽ ബ്ലോക്ക് നമ്പർ 107ൽ നൗഫൽ (20)​,​ കലയപുരം ബ്ലോക്ക് നമ്പർ 107ൽ മുഹമ്മദ് ഇർഫാൻ (21)​,​ ചിതറ പള്ളിക്കുന്ന് പുറം എസ്.എൽ നിവാസിൽ സന്ദീപ് ലാൽ എന്നിവരാണ് അറസ്റ്റിലായത്.

10ന് വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. ചിതറ വളവുപച്ചയിലുള്ള തുമ്പമൺതൊടി തടത്തരികത്ത് തട്ടാംവിള വീട്ടിൽ സജുന്റെ വർക്ക് ഷോപ്പിൽ നിന്നാണ് ബുള്ളറ്റ് മോഷ്ടിച്ചത്.
നാലുമണിയോടെ പ്രതികൾ വർക്ക് ഷോപ്പിൽ എത്തുകയും ബുള്ളറ്റ് ബലാൽകാരമായി കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച സജുവിനെ ഭീഷണിപ്പെടുത്തി. ബുള്ളറ്റിന്റെ ടയർ പഞ്ചറായിരുന്നതിനാൽ പിക്കപ്പ് വാനിൽ കയറ്റിയാണ് കൊണ്ടുപോയത്. ചിതറയുള്ള അക്ബർ അറ്റകുറ്റപ്പണികൾക്ക് എത്തിച്ചതായിരുന്നു ബുള്ളറ്റ്. പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചിതറ കിഴക്കുംഭാഗത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ നേരത്തെ ഇന്നോവ കാർ വാടകയ്ക്കെടുത്ത് ആടുകളെ മോഷ്ടിച്ച് തമിഴ്നാട്ടിൽ കൊണ്ടുപോയി വിറ്റ കേസിൽ പ്രതികളാണ്. ഈ കേസിൽ
ജാമ്യം ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് വീണ്ടും പ്രതികൾ മോഷണം നടത്തിയത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികൾ അക്രമ സ്വാഭാവമുള്ളവരാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
സി.ഐ പി.ശ്രീജിത്ത്,​ എസ്.ഐ സുധീഷ്,​ എസ്.ഐ രശ്മി,​ സി.പി.ഒമാരായ
ലിജിൻ, ജിത്തു, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement