തട്ടം തുറന്നു നോക്കി, തിരിച്ചറിയൽ കാർഡ് ചോദിച്ചു, മുസ്ളീം സ്ത്രീകളോട് ബിജെപി വനിതാ നേതാവിന്റെ അതിരുകടന്ന പെരുമാറ്റം
ഹൈദരാബാദ്: വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ളീം വനിതകളോട് ബുർഖയിലെ മുഖാവരണമായ 'നിക്വാബ്' നീക്കാൻ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി. ഹൈദരാബാദ് ലോക്‌സഭാ സീറ്റിൽ നിന്നും മത്സരിക്കുന്ന മാധവി ലതയാണ് വനിതാ വോട്ടർമാരോട് പോളിംഗ് സ്‌റ്റേഷനിൽ വച്ച് ആവശ്യമുന്നയിച്ചത്. മുഖാവരണം തുറന്നവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം എത്ര വർഷം മുൻപാണ് ഈ തിരിച്ചറിയൽ കാർഡ് കിട്ടിയതെന്നും ഇവർ ചോദിക്കുന്നുണ്ട്.
മുസ്ളീം സ്‌ത്രീകളെ തിരിച്ചറിയാൻ ആധാർ കാർഡും മാധവി ലത ചോദിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മാധവി ലത വിവാദത്തിൽ പ്രതികരണവും നൽകിയിട്ടുണ്ട്. 'ഞാനൊരു പുരുഷനല്ല സ്‌ത്രീയാണ്. ദയവായി എനിക്ക് തിരിച്ചറിയൽ കാർഡ് കാണാനും പരിശോധിക്കാനും കഴിയുമോ എന്ന് വളരെ വിനയത്തോടെയാണ് ഞാൻ ആവശ്യപ്പെട്ടത്. ആരെങ്കിലും അത് വലിയ പ്രശ്‌നമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ പേടിച്ചിരിക്കുകയാണ്.' മാധവി ലത പറഞ്ഞു.
വീഡിയോ വൈറലായതോടെ മാധവി ലതയ്‌ക്കെതിരെ മലാക്‌പേട്ട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. മുൻപ് മുസ്ളീം പള്ളിയ്‌ക്ക് നേരെ പ്രചാരണത്തിനിടെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചതിന് മാധവി ലതയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എഐഎംഐഎം തലവനും നിലവിൽ എംപിയുമായ അസദുദ്ദീൻ ഒവൈസിക്കെതിരെയാണ് ലത മത്സരിക്കുന്നത്. കടുത്ത ഭീഷണിയായി ബിആർഎസ് നേതാവ് ഗദ്ദം ശ്രീനിവാസ യാദവുമുണ്ട് ഈ സീറ്റിൽ.