മുംബയിലെ പരസ്യ ബോർഡ് അപകടം: മരണമടഞ്ഞവരുടെ എണ്ണം എട്ടായി, 57 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി
മുംബയ്: ഘാട്‌കോപ്പറിൽ കനത്ത മഴയിൽ പരസ്യബോർഡ് തകർന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി. ഛെദ്ദ നഗർ ജിം ഖാനയ്‌ക്ക് സമീപത്തെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. വൈകുന്നേരം 4.30ന് സംഭവം നടക്കുമ്പോൾ നൂറുകണക്കിന് പേർ ചുവട്ടിലുണ്ടായിരുന്നു. 57 പേരെ രക്ഷപ്പെടുത്തി ഉടൻതന്നെ തൊട്ടടുത്തുള്ള രാജ്‌വാടി ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചു. 100അടി പൊക്കമുള്ള പരസ്യബോർഡ് ഹോർഡിംഗാണ് കനത്ത മഴയിലും കാറ്റിലും നിലംപതിച്ചത്. രക്ഷാപ്രവർത്തകർക്കൊപ്പം എൻഡിആർഎഫ് സംഘവും ചേർന്നതായി ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ ഭൂഷൺ ഗഗ്രാറി പറഞ്ഞു. പരസ്യ ബോർഡ് സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
മുംബയോട് ചേർന്ന നഗരങ്ങളായ താനെ, അംബെർനാഥ്, ബദ്ലാപൂർ, കല്യാൺ, ഉല്ലാസ് നഗർ എന്നിവിടങ്ങളിലും കാറ്റും ഭേദപ്പെട്ട മഴയും ലഭിച്ചു. കാർ പാർക്കിംഗ് സ്ഥലത്തെ ലിഫ്റ്റ് തകർന്നുവീണ് നിരവധി പേർക്ക് പരിക്കേറ്റു. വഡാലയിലാണ് സംഭവം. ഇവിടെ അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. വിമാന, ട്രെയിൻ ഗതാഗതവും മുംബയിൽ മഴയും മോശം കാലാവസ്ഥയും കാരണം തടസപ്പെട്ടു. കാഴ്ചാപരിധി മോശമായതിനെത്തുടർന്ന് മുംബയിലേക്ക് വന്ന നിരവധി വിമാനങ്ങൾ വഴിമാറ്റിവിട്ടു, 75 കിലോമീറ്റർ വരെ വേഗത്തിൽ മഴയെ തുടർന്ന് കാറ്റ് വീശിയതോടെയാണിത്. റെയിൽവെ ഇലക്ട്രിക് ലൈനിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണതോടെയാണ് താനെമുലന്ദ് റെയിൽ സർവീസ് മുടങ്ങിയത്. താനെയിൽ വെള്ളം കയറുന്ന അവസ്ഥയുമുണ്ടായി. പരസ്യ ബാനറുകൾ ലൈനിൽ വീണ് അപകടമുണ്ടായതിനെത്തുടർന്ന് മെട്രോ ഗതാഗതവും തടസപ്പെട്ടതായി മെട്രോ റെയിൽ വക്താക്കൾ അറിയിച്ചു.