നിർവീര്യമാകാതെ രാഷ്ട്രീയ ബോംബുകൾ, കണ്ണൂരിൽ ഭീതിയുടെ മുഴക്കം

Tuesday 14 May 2024 12:08 AM IST

കണ്ണൂർ: ജില്ലയിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ സംഭരിച്ച ബോംബുകൾ ആശങ്ക പടർത്തുന്നു. പാനൂർ സ്‌ഫോടനത്തിനു പിന്നാലെ നടന്ന വ്യാപക പരിശോധനകൾ ഫലം കണ്ടില്ലെന്നാണ് ഇന്നലെ അഞ്ചരക്കണ്ടിയിൽ നടന്ന സ്‌ഫോടനം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം അക്രമം വ്യാപകമാകാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്.

ബോംബ് രാഷ്ട്രീയത്തെ നേതാക്കൾ പരസ്യമായി തള്ളിപ്പറയുന്നുണ്ടെങ്കിലും അണികൾ ബോംബ് - ആയുധ സംഭരണം ശക്തമാക്കുകയാണ്. ബോംബ് രാഷ്ട്രീയം പാർട്ടികൾ ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന് ഒരു മാസം മുമ്പ് നിർമ്മാണത്തിനിടെ പാനൂരിൽ നടന്ന സ്‌ഫോടനം വ്യക്തമാക്കുന്നു. ബോംബ് നിർമ്മിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ആരാണെന്നത് പാർട്ടികൾക്ക് അറിയാത്തതല്ല. പക്ഷേ, ഇത്തരം അണികളെ ശാസിക്കാനോ നിയന്ത്രിക്കാനോ നേതൃത്വം തയ്യാറാകുന്നില്ല.
പാനൂരിലെ സംഭവമടക്കം നാടൻ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 1998നു ശേഷം ജില്ലയിൽ കൊല്ലപ്പെട്ടതു പത്തുപേരാണ്. ഇതിൽ ആറു പേർ സി.പി.എം പ്രവർത്തകരും 4 പേർ ബി.ജെ.പി പ്രവർത്തകരുമാണ്.

സ്വയം രക്ഷയ്‌ക്കെന്ന പേരിലാണു നേതൃത്വങ്ങൾ കുറ്റവാസനയുള്ള അണികളെ ബോംബ് നിർമാണത്തിൽ വൈദഗ്ദ്ധ്യമുള്ളവരാക്കി മാറ്റുന്നത്. പാർട്ടി ഗ്രാമങ്ങളിലെ ഒഴിഞ്ഞ പ്രദേശത്തോ ആൾപാർപ്പില്ലാത്ത വീടുകളിലോ ആണ് നിർമ്മാണമെന്നതിനാൽ അബദ്ധത്തിൽ സംഭവിക്കുന്ന പല ചെറിയ സ്‌ഫോടനങ്ങളും പുറത്തറിയാറില്ല. അഥവാ സ്‌ഫോടന ശബ്ദം കേട്ട് പുറമെ നിന്നുള്ളവരോ വിവരമറിഞ്ഞ് പൊലീസോ സ്ഥലത്തെത്തിയാൽ തന്നെ ബോംബ് നിർമ്മാണത്തിന്റെ യാതൊരു തെളിവും അടയാളവും സ്ഥലത്ത് അവശേഷിപ്പുണ്ടാകില്ല. സ്റ്റൗ പൊട്ടിത്തെറിച്ചോ മറ്റോ പരുക്കേറ്റുവെന്ന് പറഞ്ഞായിരിക്കും ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.


അഞ്ച് വർഷത്തിനിടെ
കണ്ടെടുത്തത് 250 ബോംബുകൾ

ജില്ലയിൽ അഞ്ച് വർഷത്തിനുള്ളിൽ 250ലധികം ബോംബുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി കണ്ടെടുത്തത്. രണ്ടുമാസത്തിനിടെ 23 ബോംബുകൾ പിടിച്ചെടുത്തു. പാനൂർ, കൊളവല്ലൂർ, തലശ്ശേരി എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ബോംബുകൾ കണ്ടെടുക്കുന്നത്.


ബോംബുകൾ മൂന്നു തരം

ഐസ്‌ക്രീം ബോംബ്, സ്റ്റീൽ ബോംബ്, കെട്ടുബോംബ് എന്നിവയാണ് അക്രമികൾ നിർമ്മിക്കുന്നത്. കുറ്റിക്കാടുകളിലും ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിലുമായി പി.വി.സി. പൈപ്പിനകത്തും മതിൽ തുരന്ന് അറകളുണ്ടാക്കിയുമൊക്കെയാണ് ബോംബുകൾ സൂക്ഷിക്കുന്നത്.


ക്വട്ടേഷൻ ബന്ധവും

ചില രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങൾ യുവാക്കളെ ഉപയോഗപ്പെടുത്തി ക്വട്ടേഷൻ പരിപാടികൾ നടത്തുന്നുണ്ടെന്നത് പരസ്യമായ രഹസ്യം. പ്രാദേശിക തലത്തിൽ കിട്ടുന്ന സംരക്ഷണമാണ് ഇത്തരം സംഘങ്ങളുടെ ധൈര്യം.

Advertisement
Advertisement