'ശരറാന്തലും ഉറിതൂക്കിയും' ശേഖരിച്ച് വനം വകുപ്പ്

Tuesday 14 May 2024 12:07 AM IST
കാട്ട് ഏലം

  • ശേഖരിച്ചത് 115 ഇനം വിത്തുകൾ

തൃശൂർ: സംസ്ഥാനത്ത് ആദ്യമായി വനത്തിലെ, ഔഷധമൂല്യമുള്ളത് ഉൾപ്പെടെ അപൂർവയിനം സസ്യങ്ങളുടെ വിത്തുകൾ ശേഖരിച്ച് വനം വകുപ്പ്. കാസർകോട് ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘാംഗങ്ങളാണ് പരിശോധനകൾക്ക് വനത്തിൽ പോകുമ്പോൾ വിത്തുകൾ ശേഖരിച്ചത്.
സോപ്പുമരം, വെള്ളപ്പാല, ശരറാന്തൽ, പരണ്ടവള്ളി, പല്ലക്കായ തുടങ്ങി 115 ഓളം വിത്തുകളാണ് മൂന്ന് മാസത്തിനിടെ ശേഖരിച്ചത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇവ പരിചയപ്പെടുത്താൻ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ബെള പെർമനന്റ് നഴ്‌സറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മരങ്ങൾ, ഔഷധ സസ്യങ്ങൾ, വള്ളിച്ചെടികൾ, വിദേശ സസ്യങ്ങൾ എന്നിങ്ങനെ തരംതരിച്ചാണ് പ്രദർശനം. സസ്യശാസ്ത്രജ്ഞന്റെ സഹായത്തോടെ ചെടിയുടെ ശാസ്ത്രീയ നാമവും കാട്ടിൽ വിത്തു ലഭിക്കുന്ന കാലയളവും രേഖപ്പെടുത്തി.

കുറച്ചു വിത്തുകൾ മാത്രമുള്ളതിനാൽ തത്കാലം വിൽപ്പനയില്ല. കൂടുതൽ ശേഖരിക്കാനാണ് ശ്രമം. പലതിനെപ്പറ്റിയും കൂടുതൽ അറിയാൻ വിത്തുകളിലും പഠനം നടത്തും. അപൂർവം സസ്യങ്ങളെ സംരക്ഷിക്കുകയും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം. പശ്ചിമഘട്ട മലനിരകളിൽ ഏഴായിരത്തിൽപരം സസ്യലതാദികളുണ്ടെന്നാണ് കണക്ക്. ഇവയുടെ വിത്തുകൾ കഴിയാവുന്നത്ര ശേഖരിച്ച് വനവത്കരണത്തിന് ഉപയോഗിക്കും.

ശേഖരത്തിൽ ഇവയും

റാന്തൽവിളക്കിനെ അനുസ്മരിപ്പിക്കുന്ന പൂവുള്ള ശരറാന്തൽ, വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉറിതൂക്കി, ഔഷധസസ്യം തേറ്റാമ്പരൽ തുടങ്ങിയവ ശേഖരത്തിലുണ്ട്. ഉറിതൂക്കി ഈശ്വരമൂലി, ഗരുഡക്കൊല്ലി എന്നും അറിയപ്പെടും. പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന സപ്പോട്ട കുടുംബത്തിൽപെട്ട സസ്യമാണ് വെള്ളപ്പാല. ചെറുപനച്ചി, ചെറുകന്നീരം, എരുമത്താളി, വെട്ടടമ്പ്, ചോരപ്പാല, ആറ്റുനൊച്ചി തുടങ്ങിയവയുമുണ്ട്.

വിത്തുകൾ ശേഖരിക്കാൻ ദീർഘകാല പരിശ്രമം വേണം. അപൂർവ ഇനങ്ങളുടെ സംരക്ഷണത്തിന് ഇത് സഹായിക്കും.

- രതീശൻ

റേഞ്ച് ഓഫീസർ

Advertisement
Advertisement