നാലാം ഘട്ട വോട്ടെടുപ്പ്: പോളിംഗ് 62.31 ശതമാനം

Tuesday 14 May 2024 1:36 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 62.31ശതമാനം പോളിംഗ്. പശ്‌ചിമ ബംഗാളിലാണ് കൂടുതൽ - 75 ശതമാനം. കുറവ് ജമ്മുകാശ്‌മീരിലെ ശ്രീനഗറിൽ- 35.75 ശതമാനം.

ബംഗാളിലെ ബർദ്ധമാനിൽ ബി.ജെ.പി നേതാവ് ദിലീപ് ഘോഷിന്റെ വാഹനം തൃണമൂൽ പ്രവർത്തകരുടെ കല്ലേറിൽ തകർന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബഹാരംപൂരിൽ തൃണമൂൽ പ്രവർത്തകർ ഗുണ്ടകളുടെ സഹായത്തോടെ വോട്ടർമാരെ തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ആദിർ രഞ്ജൻ ചൗധരി ആരോപിച്ചു. വോട്ടിംഗ് തടസപ്പെടുത്തിയെന്ന നിരവധി പരാതികൾ സംസ്ഥാനത്തുടനീളം ഉയർന്നു. തൃണമൂൽ, ബി.ജെ.പി പ്രവർത്തകർ തമ്മിലാണ് കൂടുതൽ പ്രശ്‌നങ്ങളുണ്ടായത്. മുർഷിദാബാദിൽ സി.ആർ.പി.എഫ് ജവാൻമാർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ ആരോപിച്ചു. ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസ് തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചെന്ന് ബി.ജെ.പി ആരോപിച്ചു.

 മാധവി ലതയ്‌ക്കെതിരെ കേസ്

മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിച്ച് പരിശോധിച്ച ഹൈദരാബാദിലെ ബി.ജെ.പി സ്ഥാനാർത്ഥി മാധവി ലതയ്‌ക്കെതിരെ കേസെടുത്തു. എ.ഐ.എം.ഐ.എം സ്ഥാനാർത്ഥി അസദുദ്ദീൻ ഒവൈസിയുടെ പരാതിയിലാണ് നടപടി. ബൂത്തിൽ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കാനെത്തിയ സ്ഥാനാർത്ഥി മുസ്ലിം സ്ത്രീകളോട് ബുർഖ അഴിച്ച് മുഖം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. സ്ത്രീകളെ തിരിച്ചറിയുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അതിൽ തെറ്റില്ലെന്നും അവർ പറഞ്ഞു.

 മൂന്നു തലമുറ ഒന്നിച്ച് വോട്ടിംഗിന്

കശ്മീരിലെ ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, പാർട്ടി വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള, മക്കൾ സാഹിർ, സമീർ എന്നിവർ ബേൺ ഹാൾ സ്കൂളിലെ ബൂത്തിൽ ഒന്നിച്ച് വോട്ട് രേഖപ്പെടുത്തി. കുടുംബത്തിലെ മൂന്ന് തലമുറകൾ ഒന്നിച്ച് വോട്ട് ചെയ്യുന്നത് ആദ്യമായാണെന്ന് ഒമർ പറഞ്ഞു.

മറ്ര് സംസ്ഥാനങ്ങളിലെ പോളിംഗ്

 ആന്ധ്ര- 68.01 ശതമാനം

 മദ്ധ്യപ്രദേശ്- 68.01

 മഹാരാഷ്ട്ര- 52.49

 ബിഹാർ- 54.14

 ജാർഖണ്ഡ്- 63.14

 മഹാരാഷ്ട്ര- 52.49

 ഒഡീഷ- 62.96

 തെലങ്കാന- 61.16

 ഉത്തർപ്രദേശ്- 56.35

Advertisement
Advertisement