സംഘർഷത്തിനിടയിലും ആന്ധ്രയിൽ 68.04 ശതമാനം പോളിംഗ്

Tuesday 14 May 2024 1:42 AM IST

വിജയവാഡ: ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടന്ന ആന്ധ്രാപ്രദേശിൽ ഇന്നലെ വൈകിട്ട് അഞ്ച് വരെ 68.04 ശതമാനം പോളിംഗ്. പ്രകാശം ജില്ലയിലാണ് കൂടുതൽ പോളിംഗ് - 74.21 ശതമാനം. കഴിഞ്ഞതവണ 79.88 ശതമാനമായിരുന്നു ആന്ധ്രയിലെ പോളിംഗ്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, പ്രതിപക്ഷ നേതാവ് എൻ. ചന്ദ്രബാബു നായിഡു, പി.സി.സി പ്രസിഡന്റ് വൈ.എസ്. ശ‌ർമ്മിള, ജനസേനാ പാർട്ടി പ്രസിഡന്റ് പവൻ കല്യാൺ, തെലുങ്ക് നടന്മാരായ ചിരഞ്ജീവി, അല്ലു അർജുൻ, ജൂനിയർ എൻ.ടി.ആർ തുടങ്ങിയവർ രാവിലെ തന്നെ വോട്ടിട്ടു.

നിയമസഭയിലെ 175ഉം ലോക്സഭയിലെ 25ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ്. ഗുണ്ടൂർ ജില്ലയിലെ തെനാലിയിലെ ബൂത്തിൽ സ്ഥലം എം.എൽ.എയും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയുമായ എ. ശിവകുമാർ വോട്ടറെ തല്ലിയത് വിവാദമായി. ക്യൂവിൽ നിൽക്കാതെ വോട്ടിട്ടത് വോട്ടർ ചോദ്യം ചെയ്തതാണ് എം.എൽ.എയെ പ്രകോപിപ്പിച്ചത്. എം.എൽ.എ മർദ്ദിച്ച യുവാവ് തിരിച്ചും തല്ലി. തുടർന്ന് എം.എൽ.എയുടെ ഒപ്പമുണ്ടായിരുന്നവർ യുവാവിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ബി.ജെ.പി ആന്ധ്രപ്രദേശ് ഘടകം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റു ചെയ്തു. ബൂത്തിലിരിക്കാനെത്തിയ ടി.ഡി.പി പ്രവർത്തകരെ ഭരണകക്ഷിയായ വൈ.എസ്.ആർ.സി.പിയിലെ പ്രവർത്തക‌ർ തല്ലിയോടിച്ചതായി പരാതിയുണ്ടായിരുന്നു. ഇരുപാർട്ടിയിലേയും പ്രവർത്തകർ തമ്മിൽ പലയിടത്തും സംഘട്ടനമുണ്ടായി.

 ആദ്യം വോട്ടിടാൻ തമ്മിലടി

താഡിപത്രി മണ്ഡലത്തിലെ ടൗൺ ബൂത്തിൽ ടി.ഡി.പിയുടെയും വൈ.എസ്.ആർ കോൺഗ്രസിന്റെയും അനുഭാവികൾ ഏറ്റുമുട്ടി. സിറ്റിംഗ് എം.എൽ.എയും വൈ.എസ്.ആർ.സി.പി സ്ഥാനാർത്ഥിയുമായ കേത്തിറെഡ്ഡി പെദ്ദറെഡ്ഡി, ടി.ഡി.പി സ്ഥാനാർത്ഥി ജെ.സി. അസ്മിത്ത് റെഡ്ഡി എന്നിവർ ഒരേസമയം വോട്ടിടാനെത്തിയിരുന്നു. ആരാണ് ആദ്യം പോളിംഗ് ബൂത്തിൽ പ്രവേശിക്കേണ്ടത് എന്നതിനെ ചൊല്ലി നേതാക്കൾ തമ്മിലുണ്ടായ തർക്കം പ്രവർത്തകർ ഏറ്റെടുത്തു. തുടർന്ന് ജനക്കൂട്ടം എം.എൽ.എയുടെ കാറുൾപ്പെടെ അഞ്ച് വാഹനങ്ങൾ കല്ലെറിഞ്ഞു തകർത്തു. റായ്സീമ മേഖലയിലും പൽനാടിലും സംഘട്ടനങ്ങളുണ്ടായി.

കഴിഞ്ഞ രാത്രിയിൽ ചിറ്റൂർ ജില്ലയിലെ പുംഗനുരു നിയോജക മണ്ഡലത്തിലെ 188, 189, 199 പോളിംഗ് സ്റ്റേഷനുകളിലെ ടി.ഡി.പി ഏജന്റുമാരെ വൈ.എസ്.ആർ.സി.പി പ്രവർത്തകർ തട്ടിക്കൊണ്ടു പോയി. തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏജന്റുമാരെ പിലേരുവിൽ നിന്ന് രക്ഷപ്പെടുത്തി ബൂത്തുകളിലെത്തിച്ചു.