രാജ്യസഭാ സീറ്റ് പങ്കിടലും എൽ.ഡി.എഫിന് കീറാമുട്ടി

Tuesday 14 May 2024 1:50 AM IST

തിരുവനന്തപുരം:രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രം വിജയിക്കാൻ കഴിയുന്നതിനാൽ പങ്കുവയ്ക്കൽ എൽ.ഡി.എഫിന് കീറാമുട്ടിയായി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ്. കെ.മാണി എന്നിവരുടെ 6 വർഷ കാലാവധിയാണ് ജൂലായ് ഒന്നിന് അവസാനിക്കുന്നത്. ജൂണിലാണ് തിരഞ്ഞെടുപ്പ്.

ഒരു സീറ്റ് സി.പി.എം എടുക്കുമെന്നത് ഉറപ്പാണ്. ശേഷിക്കുന്നത് ഒരു സീറ്റ്. അത് ആർക്ക് നൽകണമെന്നതാണ് പ്രശ്നം. സ്ഥാനം ഒഴിയുന്നവരിൽ ഒരാൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണെങ്കിൽ, മറ്റേയാൾ സ്വന്തം പാർട്ടിയുടെ ചെയർമാനാണ്.

3 വർഷം വീതം പങ്കിടാമെന്നുവച്ചാൽ, അപ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും.വീണ്ടും അധികാരത്തിൽ വന്നില്ലെങ്കിൽ സീറ്റ് കൈവിട്ട്പോകും.

അടുത്ത വർഷം പഞ്ചായത്ത് തിരഞ്ഞെടുപ്പും 26ൽ നിയമസഭാ തിരഞ്ഞെടുപ്പുമാണ്. അടുത്ത എൽ.ഡി.എഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കാനുള്ള നീക്കത്തിലാണ് സി.പി.ഐ. 13ന് ചേരുന്ന കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിഷയത്തിൽ തീരുമാനമെടുക്കും. ആർ.എസ്.പി ഇടതു മുന്നണി വിടാൻതന്നെ കാരണം രാജ്യസഭാ സീറ്റ് നൽകാത്തതായിരുന്നു.

നിയമസഭയിലെ അംഗബലം വച്ച് യു.ഡി.എഫിന് ലഭിക്കുന്ന ഒരു സീറ്റ് മുസ്ലീം ലീഗിന് നൽകാൻ ലോക്സഭാ സീറ്റ് വീതം വയ്പിൽ ധാരണയായിരുന്നു.മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാമതൊരു സീറ്റിന് ലീഗ് ബലം പിടിച്ചതിനെ തുർന്നായിരുന്നു ഇത്.

 മൂന്ന് വർഷം കാത്തിരിക്കണം

മുമ്പ് രാജ്യസഭാ സീറ്റ് തർക്കം വന്നപ്പോൾ രണ്ട് സീറ്റിൽ ഒന്ന് സി.പി.എം എടുക്കുകയും മറ്റേ സീറ്റ് മൂന്ന് വർഷം വീതം രണ്ട് കക്ഷികൾക്കായി പങ്കിടുകയും ചെയ്തിരുന്നു.ഇത്തവണ 2027ൽ രാജിവച്ച് ഒഴിവ് സൃഷ്ടിച്ചാലും അപ്പോൾ ഭരണത്തിലുണ്ടാവുമെന്ന് ഉറപ്പില്ല.2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. സ്വാഭാവിക ഒഴിവ് വരുന്നത് 2027 ഏപ്രിലിലാണ്.ജോൺ ബ്രിട്ടാസ്,

വി.ശിവദാസൻ (സി.പി.എം),പി.വി.അബ്ദുൾ വഹാബ് (ലീഗ് ) എന്നിവരാണ് അപ്പോൾ പിരിയുന്നത്. ഭരണമില്ലെങ്കിൽ ഒരു സീറ്റിലേ വിജയിക്കാൻ കഴിയൂ.എ.എ.റഹിം (സി.പി.എം),പി.സന്തോഷ് കുമാർ (സി.പി.ഐ),ജെബി മേത്തർ (കോൺഗ്രസ്)എന്നിവർ ഒഴിയുന്നത് 2028 ഏപ്രിലിലാണ്.

Advertisement
Advertisement