കുതിരാനിൽ അറ്റകുറ്റപ്പണി കഴിഞ്ഞ് ടണൽ ഉടൻ തുറന്നേക്കും

Tuesday 14 May 2024 12:24 AM IST

തൃശൂർ: മേൽഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്യാനായി അടച്ച കുതിരാനിലെ ഒരു ടണൽ ഉടൻ തുറന്നേക്കും. മഴയ്ക്കു മുൻപേ പണി തീർത്ത് ടണൽ തുറന്നില്ലെങ്കിൽ വൻഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. ഒരു ടണലിലൂടെ വാഹനങ്ങൾ പോകുന്നതിനാൽ അപകടമുണ്ടായാൽ വാഹനങ്ങൾ കുരുങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ അപകടം ഉണ്ടായതോടെ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇനി മഴ ശക്തമായാൽ സ്ഥിതി കൂടുതൽ രൂക്ഷമാകും.

കഴിഞ്ഞ ജനുവരി 11നാണ് കുതിരാനിൽ പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന ടണൽ താത്കാലികമായി അടച്ചത്. നാലുമാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ കമ്പനി അധികൃതരെ അറിയിച്ചത്. പറഞ്ഞ കാലാവധി കഴിഞ്ഞതിനാൽ പണി വേഗത്തിലാക്കിയിട്ടുണ്ട്. മഴയ്ക്കു മുമ്പ് പണി പൂർത്തിയാക്കാൻ ദേശീയപാതാ അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. ലൈറ്റുകൾ സ്ഥാപിക്കുന്ന പണികൾക്ക് വേഗം കൂട്ടിയിട്ടുണ്ട്.

ഇനി തിരക്കേറും

വാഹനങ്ങളുടെ തിരക്ക് കൂടിയാൽ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നുണ്ട്. ഇനി മഴക്കാലവും അദ്ധ്യയനവർഷാരംഭവും ആയതിനാൽ കുരുക്ക് ഉറപ്പാണ്. അശാസ്ത്രീയ നിർമാണമാണ് ടണൽ അടച്ച് പണി നടത്താൻ ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന ടണലിൽ ചോർച്ച പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ, ചോർച്ച കണ്ടെത്തിയ ഭാഗത്ത് മാത്രം കോൺക്രീറ്റ് ചെയ്തിരുന്നു. പിന്നീട് പൂർണമായും കോൺക്രീറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ചൂടേറെ, പൊടിശല്യവും

ടണലിൽ കടുത്തചൂടും പൊടിശല്യവും കാരണം യാത്രക്കാർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. എക്‌സോസ്റ്റ് ഫാനുകളുടെ പ്രവർത്തനം ഒരുവശത്തേക്കു മാത്രമായതോടെയാണിത്. വാഹനങ്ങളിൽ നിന്നു പുറംതള്ളുന്ന പുകയും മറ്റുപൊടിപടലങ്ങളും ടണലിനുള്ളിൽ കെട്ടിനിൽക്കുന്നതാണ് യാത്രക്കാരുടെ പ്രയാസത്തിന് കാരണം. ഒരു ടണലിൽ തന്നെ ഇരുവശത്തേക്കും ഗതാഗതമുള്ളതിനാൽ പൊടിശല്യം രൂക്ഷമാണ്. ഫയർ എക്സ്റ്റിംഗ്വിഷറുകളുടെ കാലാവധി കഴിഞ്ഞിട്ടും മാറ്റി സ്ഥാപിച്ചില്ലെന്നും പരാതിയുണ്ട്. എക്‌സോസ്റ്റ് ഫാനുകൾ ഒരു ഭാഗത്തേക്കുള്ള പൊടിപടലങ്ങൾ വലിച്ചെടുത്ത് പുറംതള്ളുന്ന രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു വശത്തേക്ക് മാത്രം ഗതാഗതമുണ്ടാകുന്നതിനായി ക്രമീകരിച്ചതാണ് എക്‌സോസ്റ്റുകൾ. രണ്ടുവശത്തേക്കും ഗതാഗതം നടക്കുന്നതിനാലാണ് ബസിലും തുറന്ന വാഹനങ്ങളിലും സഞ്ചരിക്കുന്നവർക്ക് ശ്വാസ തടസവും അസ്വസ്ഥതകളും ഉണ്ടാകുന്നത്. ഹൈഡ്രൻഡ് പൈപ്പുകളും അടുത്തകാലത്തൊന്നും പ്രവർത്തിപ്പിച്ചിട്ടില്ലെന്ന് പറയുന്നു.

  • രണ്ട് ടണലുകളിലുമുളള ഫയർ എക്സ്റ്റിംഗ്വിഷറുകൾ: 40
  • കാലാവധി: രണ്ടുവർഷം
Advertisement
Advertisement