റഷ്യയിൽ പ്രതിരോധ മന്ത്രിയെ മാറ്റി പുട്ടിൻ

Tuesday 14 May 2024 7:29 AM IST

മോസ്കോ : റഷ്യൻ പ്രസിഡന്റായുള്ള അഞ്ചാം ടേം ആരംഭിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രാലയത്തിൽ അഴിച്ചുപണിയുമായി വ്ലാഡിമിർ പുട്ടിൻ. തന്റെ അടുത്ത അനുയായി സെർജി ഷൊയ്‌ഗുവിനെ (68) പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി. പകരം ഉപപ്രധാനമന്ത്രി ആൻഡ്രെ ബെലോസോവിനെ (65)​ നിയമിച്ചു. ഇദ്ദേഹം ഇന്ന് ചുമതലയേറ്റെടുക്കും. ഷൊയ്‌ഗുവിനെ റഷ്യയുടെ ദേശീയ സുരക്ഷാ വിഭാഗമായ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി നിയമിച്ചു.

സൈനിക ജനറൽ കൂടിയായ ഷൊയ്‌ഗുവാണ് യുക്രെയിൻ അധിനിവേശത്തിന് മേൽനോട്ടം വഹിച്ചത്. 2012ൽ അധികാരത്തിലെത്തി. അതേ സമയം, സാമ്പത്തിക വിദഗ്ദ്ധനായ ബെലോസോവിന് സൈനിക പശ്ചാത്തലമില്ല.

റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ യുക്രെയിനിലെ യുദ്ധനീക്കങ്ങൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാകാം പുട്ടിൻ ബെലോസോവിനെ നിയമിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു. മുൻ സാമ്പത്തിക വികസന മന്ത്രിയായ ബെലോസോവ് പ്രസിഡന്റിന്റെ ഇക്കണോമിക് അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ചാം തവണയും പ്രസിഡന്റായി പുട്ടിൻ ചുമതലേറ്റത്. മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 87 ശതമാനത്തിലേറെ വോട്ടോടെയാണ് പുട്ടിൻ അധികാരമുറപ്പിച്ചത്.

Advertisement
Advertisement