പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് സിയാദ് കോക്കർ

Tuesday 14 May 2024 9:09 AM IST

കൊച്ചി: നിരൂപകൻ അശ്വന്ത് കോക്കിനെതിരെ നിർമാതാവ് സിയാദ് കോക്കർ. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയ്ക്കെതിരായ റിവ്യൂ ബോംബിംഗിലാണ് സിയാദ് കോക്കർ അശ്വന്തിനെതിരെ രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും, പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ നിരൂപകനെ കൈകാര്യം ചെയ്യേണ്ടിവരുമെന്നും സിയാദ് കോക്കർ പ്രതികരിച്ചു.

സിനിമയിൽ അഭിനയിച്ചവരെയും അണിയറ പ്രവർത്തകരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു കോക്കിന്റെ റിവ്യു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശനിയാഴ്ച്ച പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് റിവ്യൂ വീഡിയോ അശ്വന്ത് കോക്ക് ഓൺലൈനിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഇതുകൊണ്ട് മതിയാകില്ലെന്നാണ് സിയാദ് കോക്കറിൻ്റെ നിലപാട്.

ആദ്യകാലങ്ങളിലുണ്ടായിരുന്ന നിരൂപകർക്ക് മാന്യത ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരക്കാരുടെ സ്ഥാനത്ത് മോശമായ രീതിയിൽ അധിക്ഷേപിക്കുന്നവരാണ്. ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ സിനിമാ രംഗത്തുള്ളവർ ഒറ്റക്കെട്ടായി മുന്നോട്ടുവരികയാണ് വേണ്ടതെന്നും സിയാദ് കോക്കർ പറഞ്ഞു.