ഭർത്താവ് 'കുർക്കുറേ' വാങ്ങി നൽകിയില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

Tuesday 14 May 2024 4:08 PM IST

ലക്‌നൗ: കഴിക്കാൻ 'കുർക്കുറേ' വാങ്ങിനൽകാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഭർത്തവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിനിയാണ് കുർക്കുറേയുടെ പേരിൽ വിവാഹമോചനത്തിനായി പൊലീസിനെ സമീപിച്ചത്. ലഘുഭക്ഷണമായ അഞ്ച് രൂപയുടെ കുർക്കുറേ ദിവസവും വാങ്ങിക്കൊണ്ട് വരാൻ യുവതി ഭർത്താവിനോട് ആവശ്യപ്പെടുമായിരുന്നു. വാങ്ങിക്കൊണ്ടുവരാതിരുന്നാൽ ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാകുമായിരുന്നെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഒരുവർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ആദ്യനാളുകളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞത് മുതൽ എല്ലാദിവസവും യുവതി കുർക്കുറേ വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിവസവും ഇത്തരത്തിലുള്ള സ്‌നാക്ക്‌സ് ഭാര്യ കഴിക്കുന്നതിൽ ഭർത്താവിന് എതിർപ്പ് ഉണ്ടായിരുന്നു. ഒരു ദിവസം ഭർത്താവ് കുർക്കുറേ വാങ്ങാതെയാണ് വീട്ടിലെത്തിയത്. ഇതോടെ ദമ്പതിമാർ തമ്മിൽ വഴക്കായി.

പിന്നാലെ യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയെന്നും അവിടെ നിന്ന് വിവാഹമോചനത്തിനായി പൊലീസിനെ സമീപിച്ചെന്നുമാണ് റിപ്പോർട്ട്. ആഗ്രയിലെ ഷാഹ്ഗഞ്ച് പൊലീസ് സ്‌‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. എന്നാൽ ഭർത്താവ് മർദിച്ചതിനെ തുടർന്നാണ് താൻ വീട് വിട്ടിറങ്ങിയതെന്നാണ് യുവതിയുടെ ആരോപണം. ആരോപണത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. വിവാഹമോചന അപേക്ഷയെ തുടർന്ന് പൊലീസ് ദമ്പതികളെ കൗൺസിലിംഗിന് അയച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.