കൊതുക് ജന്യ രോഗം; മഴക്കാല പൂര്‍വ ശുചീകരണം നടത്തണം

Wednesday 15 May 2024 12:00 AM IST

നിയമലംഘനത്തിന് 10,000 രൂപ വരെ പിഴ


തൃശൂർ: ജില്ലയിൽ ഡെങ്കിപ്പനി, വെസ്റ്റ് നൈൽ മുതലായവ വർദ്ധിക്കുന്നതിനാൽ മഴക്കാലത്തിനു മുമ്പ് സ്ഥാപനത്തിന്റെയും വീടിന്റെയും പരിസരം ശുചീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊതുകിന്റെ പ്രജനനം, അതിനുള്ള സാഹചര്യം എന്നിവയില്ലെന്ന് ഉറപ്പാക്കേണ്ടത് അതത് സ്ഥാപന, വീടുടമകളുടെ ഉത്തരവാദിത്വമാണ്. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം സ്ഥാപനത്തിന്റെയോ വീടിന്റെയോ അകത്തോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണുക, ഇതിന് കാരണമാകുന്ന തരത്തിൽ വെള്ളം കെട്ടിനിൽക്കുക, തോട്ടങ്ങളിലെ ചിരട്ടകൾ, പാളകൾ തുടങ്ങിയവയിൽ കൊതുക് വളരുന്ന സാഹചര്യമുണ്ടാകുക, കൊതുക് നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കുക എന്നിവ കുറ്റമാണ്. ഓരോ കുറ്റത്തിനും വിവിധ വകുപ്പുകൾ പ്രകാരം 10,000 രൂപ വരെ പിഴയീടാക്കും. വീഴ്ച വരുത്തുന്നവർക്കെതിരെ പൊതുജനാരോഗ്യ ഓഫീസർമാരോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരോ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Advertisement
Advertisement