കാര്യശേഷിക്കാർ ജോലി ചെയ്യട്ടെ

Wednesday 15 May 2024 12:12 AM IST

യോഗ്യതയും കാര്യക്ഷമതയും തമ്മിലുള്ള മത്സരം എക്കാലത്തും എവിടെയുമുള്ളതാണ്. ഒരാളുടെ കാര്യക്ഷമതയ്ക്ക് അടിസ്ഥാനം ആ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതയോ മികവോ തന്നെയല്ലേ എന്ന സംശയവും സാധാരണമാണ്. പക്ഷേ,​ പുസ്തകവിജ്ഞാനവും,​ ആ അറിവ് വിനിയോഗിച്ച് ഒരു പ്രവൃത്തി നിർവഹിക്കാനുള്ള കാര്യശേഷിയും രണ്ടാണ്. സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഈ യോഗ്യതയും,​ അതിന്റെ നിർവഹണ ശേഷിയും തമ്മിലുള്ള സംഘർഷം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സെക്രട്ടേറിയറ്റിൽ ഫയലുകൾ പരിഹാരമില്ലാതെ കുന്നുകൂടിക്കിടക്കുന്നതിനു കാരണം അവ കൈകാര്യംചെയ്യുന്നവർക്ക് വേണ്ടത്ര യോഗ്യതയില്ലാത്തതല്ല,​ മറിച്ച് അവ ഉൾക്കൊള്ളുന്ന മാനുഷിക പ്രശ്നങ്ങളിലോ സാങ്കേതിക കാര്യങ്ങളിലോ അതിന്റെ നിയമവശങ്ങളിലോ തീരുമാനമെടുക്കാൻ അവർക്ക് കാര്യപ്രാപ്തിയില്ലാത്തതല്ലേ എന്ന് ഇപ്പോഴാണ് നമുക്ക് തോന്നിത്തുടങ്ങിയത്!

ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ഓരോ ഓഫീസിലും വിദ്യാഭ്യാസ യോഗ്യതയ്ക്കപ്പുറം,​ കാര്യശേഷിയുള്ളവർ അടങ്ങുന്ന ഒരു 'നോളജ് ബാങ്ക്" രൂപീകരിക്കണമെന്ന് ഭരണപരിഷ്കാര വിദഗ്ദ്ധ സമിതി ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്നത്. ഇതിനെയാണ് വൈകിയുദിച്ച വിവേകം എന്ന് ലളിതമായി പറയുന്നത്. സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പ്രവർത്തനവേഗം കൂട്ടാനും ഇത്തരം നോളജ് ബാങ്കിലുൾപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുമെന്നാണ് പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ആർ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഫയലുകൾ അതിവേഗം പഠിക്കാനും വിഷയം ഉൾക്കൊള്ളാനും പെട്ടെന്ന് തീരുമാനമെടുക്കാനും ഇവർക്കു കഴിയുമെന്നാണ് സമിതിയുടെ കണക്കുകൂട്ടൽ. പക്ഷേ,​ ഉദ്യോഗസ്ഥന്റെ കാര്യപ്രാപ്തി എങ്ങനെ മനസിലാക്കുമെന്ന് ഒരു ചോദ്യമുദിക്കും.

നിയമപരിജ്ഞാനം,​ കാര്യക്ഷമത,​ കമ്പ്യൂട്ടർ ഉൾപ്പെടെ സാങ്കേതിക സംവിധാനങ്ങളോടുള്ള ആഭിമുഖ്യം,​ മത്സരപരീക്ഷകളിലെ മികവ് എന്നിവയൊക്കെ ഈ കാര്യശേഷി പരിശോധനയ്ക്ക് മാനദണ്ഡമായിരിക്കും. ഉയർന്ന വിദ്യാഭ്യാസയോഗ്യതയ്ക്കു പുറമേയാണ് ഈ സവിശേഷ ശേഷികൾ പരിഗണിക്കുക. അറിവുകളും ബോദ്ധ്യങ്ങളും ഉപയോഗിച്ച് ഒരു തീരുമാനമെടുക്കുകയെന്നത് മാനസികമോ ബൗദ്ധികമോ ആയ പ്രക്രിയയാണ്. അതിന് ആരോഗ്യകരമായ മാനസികനിലയ്ക്കു പുറമേ,​ പക്ഷപാതങ്ങളില്ലാതെ തീരുമാമെടുക്കാനുള്ള സ്വതന്ത്രമനസും,​തന്റെ തീരുമാനം ശരിയാണെന്ന ഉത്തമബോദ്ധ്യവും,​ ആ പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള തന്റേടവും വേണം. അതൊക്കെക്കൊണ്ടാണ് യോഗ,​ അക്രോബാറ്റിക് വ്യായാമങ്ങൾ തുടങ്ങിയവയിലെ താത്പര്യവും ശീലവും കൂടി നോളജ് ബാങ്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായി പരിഗണിക്കുന്നത്.

നിലവിൽ സ്ഥാനക്കയറ്റങ്ങൾക്കുള്ള അടിസ്ഥാന പരിഗണന ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതയാണ്. പുതിയ സംവിധാനത്തിൽ,​ മേൽപ്പറഞ്ഞ പ്രാപ്തികൾ വിലയിരുത്താനുള്ള പരീക്ഷകൾ വരും. സാങ്കേതിക കാര്യങ്ങളിൽ വിമുഖതയുള്ളവർക്ക് പരിശീലനം വരും. പരീക്ഷയോടും പരിശീലനത്തോടും പ്രതിപത്തിയില്ലാത്തവരെ പുനർവിന്യസിക്കേണ്ടിവരും. ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശകളോട് വ്യത്യസ്ത തരം പ്രതികണങ്ങൾ സ്വാഭാവികമായും ഉണ്ടാകും. യോഗ്യതയില്ലാത്തവരെ ഓഫീസുകളിൽ തിരുകിക്കയറ്റാനുള്ള നീക്കമാണെന്ന് ആക്ഷേപമുണ്ടാകും. അത്തരം ആക്ഷേപങ്ങൾക്കോ സംശയങ്ങൾക്കോ ഇടനല്കാത്ത വിധം നോളജ് ബാങ്കിലേക്കുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ആ തിരഞ്ഞെടുപ്പ് സുതാര്യവും സത്യസന്ധവും മാത്രമായാൽപ്പോരാ,​ രാഷ്ട്രീയപരിഗണന കൂടാതെയുള്ളതാവുകയും വേണം. എന്തായാലും പുസ്തക വിജ്ഞാനത്തിനപ്പുറത്ത് അതിന്റെ പ്രയോഗവശം പരിചയമുള്ള മിടുക്കർക്ക് മേൽക്കൈ വന്നാൽ സർക്കാർ ഓഫീസുകളുടെ 'ഒച്ചിഴയും സ്വഭാവം" അപ്പാടെ മാറുമെന്നതിൽ സംശയമില്ല.

Advertisement
Advertisement