ശശി തരൂർ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും, നേമം ഒഴികെ ആറിടത്തും യു ഡി എഫിന് മുന്നേറ്റമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിൽ ഡോ. ശശി തരൂർ മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ് വിലയിരുത്തൽ. ബൂത്ത് തലത്തില്‍ നിന്ന് ലഭിച്ച കണക്കുകളടക്കം വിശദമായി പരിശോധിച്ച ശേഷമാണ് ഡോ.ശശി തരൂര്‍ 2019ലെ തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കുമെന്നും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിലയിരുത്തിയത്.
മണ്ഡലത്തിലെ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നേമം ഒഴികെ മറ്റ് ആറിടങ്ങളിലും വ്യക്തമായ മുന്നേറ്റം യു.ഡി.എഫിന് ഉണ്ടാകും. 2019നെ അപേക്ഷിച്ച് നേമത്ത് യു ഡി എഫ് മികച്ച മുന്നേറ്റം നടത്തുമെന്നും യോഗം വിലയിരുത്തി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയമാന്‍ തമ്പാനൂര്‍ രവിയുടെ അദ്ധ്യക്ഷതയില്‍ ശാസ്തമംഗലം കൊച്ചാര്‍ റോഡിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് യോഗം നടന്നത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ശക്തമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടന്നതെന്നും മറിച്ച് ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു. എന്‍.ശക്തന്‍, വി.എസ്. ശിവകുമാര്‍, എം.വിന്‍സെന്റ് എം.എല്‍.എ,ടി.ശരത്ചന്ദ്രപ്രസാദ്, സി.പി ജോണ്‍, ജി.എസ് ബാബു, ജി.സുബോധന്‍, കെ.മോഹന്‍കുമാര്‍, എ.ടി. ജോര്‍ജ്, എം.എ വാഹിദ്, ബീമാപള്ളി റഷീദ്, എസ്.കെ അശോക് കുമാര്‍, കോളിയൂര്‍ ദിവാകരന്‍ നായര്‍, കമ്പറ നാരായണന്‍, പുരുഷോത്തമന്‍ നായര്‍, ഡി സുദര്‍ശനന്‍, വി.എസ് ഹരീന്ദ്രനാഥ്, എം.ആര്‍ മനോജ്, നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.