കലി തിളയ്ക്കുന്ന ഭ്രമയുഗം

Wednesday 15 May 2024 12:18 AM IST

അമിതമായ ദേഷ്യപ്രകടനത്തിന്റെ പ്രതിഫലനമായ അക്രമവാർത്തകൾ പെരുകുകയാണ് കേരളത്തിൽ. കലിയടങ്ങാതെ സുഹൃത്തിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി,​ മറ്റൊരു വാഹനത്തിലിടിച്ച് ഇരുവരും മരണത്തിനു കീഴയങ്ങിയതും,​ ആശുപത്രിയിൽ അച്ഛനെ കാണാനെത്തിയ യുവതിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് അധികനാളായില്ല. കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന രക്ഷിതാക്കൾ ഇപ്പോൾ അപൂർവമല്ല. നമ്മുടെ മനസ് എങ്ങോട്ടാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്?​വികാരവിക്ഷോഭങ്ങൾ കൊലപാതകങ്ങളിലും ആത്മഹത്യകളിലും വരെ ചെന്നെത്തുന്നത് എന്തുകൊണ്ടാണ്?​

സൈബർ യുദ്ധത്തിലെ എടുത്തുചാട്ട സ്വഭാവം അപകടകരമായ നിലയിൽ വളർന്നുകഴിഞ്ഞു. മൂന്നു പതിറ്റാണ്ടിനിടയ്ക്ക് ലോകത്തെ കീഴടക്കിയ സൈബർ വിപ്ലവം മനുഷ്യസ്വഭാവത്തെയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. മുമ്പ് ഒരു സിനിമ കാണണമെങ്കിൽ തിയറ്ററിൽ പോയി,​ കൗണ്ടറിനു മുന്നിൽ ക്യൂ നിന്നും തിക്കിത്തിരക്കിയും ടിക്കറ്റെടുക്കുകയോ,​ അതിനു താത്പര്യമില്ലെങ്കിൽ സീറ്റ് റിസർവ് ചെയ്യുകയോ വേണമായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണമെങ്കിൽ നേരിൽപ്പോയി ഭക്ഷണം ഓർഡർ ചെയ്യുക മാത്രമായിരുന്നു മാർഗം.

ഇല്ലാതായ

ആ ഇടവേള!

പ്രണയം അറിയിക്കാൻ കത്തയച്ചോ ദൂതൻ മുഖേന വിവരമറിയിച്ചോ കാത്തിരിക്കേണ്ടി വരുമായിരുന്നു. മനസിൽ തോന്നുന്ന ആഗ്രഹം സഫലമാകാൻ ഒരു ഇടവേളയുണ്ടായിരുന്നു. ആഗ്രഹം സഫലമാകാനോ ആകാതിരിക്കാനോ ഇടയുണ്ടെന്ന സാദ്ധ്യതയുമായി പൊരുത്തപ്പെടാൻ ഈ ഇടവേളയിൽ തലച്ചോറിന് വേണ്ടത്ര സമയം ലഭിച്ചിരുന്നു. ആഗ്രഹം നടക്കാതെ വന്നാൽ എന്തു ചെയ്യണമെന്ന തരത്തിൽ മനസ് വികസിക്കാനുള്ള സമയമായിരുന്നു നിസാരമല്ലാത്ത ഈ ഇടവേള. എന്നാൽ ഡിജിറ്റൽ യുഗത്തിൽ എല്ലാ ആഗ്രഹങ്ങളും ക്ഷണനേരം കൊണ്ട് നടപ്പിലാകും. സിനിമ കാണണമെങ്കിലും ഭക്ഷണം ഓർഡർ ചെയ്യണമെങ്കിലും പ്രണയം അറിയിക്കണമെങ്കിലും മൊബൈലിൽ ചില ക്ലിക്കുകൾ മതി. മറുപടിയും ഉടനെത്തും!

ക്ഷണനേരംകൊണ്ട് കാര്യം നടക്കുന്ന സാഹചര്യം ജീവിതത്തിന് ഏറെ സൗകര്യമായെങ്കിലും ചില പാർശ്വഫലങ്ങൾക്കും അത് വഴിയൊരുക്കി. ആഗ്രഹം സഫലമാകാതെ വന്നാൽ അതിനെ നേരിടാനുള്ള മാർഗം ചിന്തിച്ചുറപ്പിക്കാനുള്ള സമയം ലഭിക്കുന്നില്ല എന്നതാണ് ദോഷകരമായ ആ പാർശ്വഫലം. ആഗ്രഹം സാദ്ധ്യമാകാതെ വന്നേക്കാം എന്ന സാദ്ധ്യത പരിഗണിക്കാൻ പോലും മനസിന് കഴിയാതെ പോകുന്നു. ഏതെങ്കിലും കാരണവശാൽ ആഗ്രഹം നടക്കാതെ വന്നാൽ അമിത വൈകാരിക പ്രകടനങ്ങളിലേക്ക് സ്വഭാവം വഴിമാറുന്നു. ഇതാണ് ആത്മഹത്യയോ കൊലപാതകമോ അക്രമ പ്രവർത്തനങ്ങളോ ആയി പ്രകടമാകുന്നത്. ഡിജിറ്റൽ വിപ്ലവം മനുഷ്യന്റെ എടുത്തുചാട്ടവും അക്ഷമയും വർദ്ധിപ്പിച്ചു എന്നതാണ് യാഥാർത്ഥ്യം.

കുടുംബത്തിലെ

തുരുത്തുകൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി കുടുംബ ബന്ധങ്ങളിൽ വന്ന ശൈഥില്യവും പ്രശ്നം വഷളാകാൻ കാരണമായിട്ടുണ്ട്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് മനസു തുറന്ന് സംസാരിച്ചിരുന്ന കാലം അപ്രത്യക്ഷമായിക്കഴിഞ്ഞു. അച്ഛനും അമ്മയും കുട്ടികളും സ്വന്തം ഡിജിറ്റൽ മായാലോകത്തിൽ വൈകുന്നേരങ്ങൾ ചെലവഴിക്കുകയാണ്. സ്വന്തം കുടുംബാംഗങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻപോലും പലർക്കും കഴിയുന്നില്ല. സ്വന്തം വീട്ടിലുള്ളവരുടെ മാനസികാരോഗ്യം തകരുന്നത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലേക്ക് നാമോരോരുത്തരും എത്തിച്ചേരുന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം.


മുൻകാലങ്ങളെ അപേക്ഷിച്ച് ജീവിത രഹസ്യങ്ങൾ പലതും ഭദ്രമായി സൂക്ഷിക്കാൻ ഡിജിറ്റൽ സാമൂഹ്യ മാദ്ധ്യമങ്ങൾ അവസരമൊരുക്കുന്നുണ്ട്. സ്വന്തം ജീവിതപങ്കാളി പോലും അറിയാതെ പലതരം ബന്ധങ്ങൾ സ്ഥാപിക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും സാമൂഹിക മാദ്ധ്യമങ്ങൾ മറയാകുന്നു. സ്വാഭാവികമായും ഇത്തരം പ്രവർത്തനങ്ങളിലൂടെ ഏതെങ്കിലും ചതിക്കുഴികളിൽ അകപ്പെട്ടാൽപ്പോലും മറ്റാർക്കും അത് തിരിച്ചറിയാനാവുന്നില്ല. തനിക്കു സംഭവിച്ച പ്രശ്നത്തെക്കുറിച്ച് കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ മനസു തുറന്ന് സംസാരിക്കാനുള്ള വിമുഖതയും വ്യാപകമായി.

വേണം,​ നല്ല

സുഹൃത്തിനെ

വൈകാരികമായി കലുഷിതമായ മനസ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ യുക്തിശൂന്യവും അബദ്ധജടിലവുമാകാൻ സാദ്ധ്യത അധികമാണ്. ഒരുപക്ഷേ,​ ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളിൽ ശാന്തതയോടെ പ്രശ്നം മനസ്സിലാക്കി
ഉപദേശിക്കാനാവുന്ന വ്യക്തിയുടെ സഹായം തേടുന്നത് ഉപകാരപ്രദമായിരിക്കും. അത്തരം കാര്യങ്ങൾക്കൊന്നും
ശ്രമിക്കാതെ സ്വന്തം നിലയ്ക്ക് ഓരോന്നു ചെയ്യാൻ ശ്രമിക്കുമ്പോഴാണ് മനസ് പിടിവിട്ടു പോകുന്നത്.

ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും ഉപയോഗം ഈ എടുത്തുചാട്ട സ്വഭാവത്തെ നൂറുമടങ്ങ് വഷളാക്കും. ലഹരി ഉപയോഗത്തെത്തുടർന്ന് തലച്ചോറിന്റെ രാസഘടനയിൽ വരുന്ന വ്യതിയാനങ്ങൾ പലപ്പോഴും
യാഥാർത്ഥ്യബോധമില്ലാതെ പ്രവർത്തിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്. മനസിന്റെ ഉള്ളിൽ ഉറഞ്ഞുകൂടുന്ന വെറുപ്പും വിദ്വേഷവും പകയുമൊക്കെ അതിന്റെ മുഴുൻ ക്രൗര്യത്തോടെയും പ്രകടമാകാൻ ലഹരിവസ്തുക്കൾ കാരണമാകുന്നു.

ഏകാന്തതയുടെ

അപകടങ്ങൾ


1938-ൽ ഹാർവാർഡ് സർവകലാശാലയിൽ ആരംഭിച്ച ഹാർവാർഡ് മനുഷ്യവികാസ പഠനം ലോകത്തു നടന്ന,​ മനുഷ്യവികാസത്തെക്കുറിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ പഠനമാണ്. മനുഷ്യായുസ് വർദ്ധിപ്പിക്കുന്ന ഏറ്റവും പ്രധാനഘടകം കുട്ടിക്കാലത്തും കൗമാരപ്രായത്തിലും വികസിപ്പിച്ചെടുക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഏകാന്തത മനുഷ്യനെ കൊല്ലുന്ന സംഗതിയാണെന്ന പഠനങ്ങളും സമീപകാലത്ത് പുറത്തുവന്നിരുന്നു. നിരന്തരമായ ഏകാന്തത ദിവസം ഒരു ഡസൻ സിഗരറ്റ് വലിക്കുന്നതിനു തുല്യമായ അപകടമാണ് മനുഷ്യന്റെ ശാരീരിക,​ മാനസിക ആരോഗ്യത്തിൽ സൃഷ്ടിക്കുന്നതെന്ന് അമേരിക്കയിലെ സർജൻ ജനറൽ തന്നെയാണ് വ്യക്തമാക്കിയത്. മേൽ സൂചിപ്പിച്ച കാരണങ്ങൾകൊണ്ടു തന്നെ ബാല്യം മുതൽക്കേ ആരോഗ്യകരമായ സൗഹൃദങ്ങൾ വികസിപ്പിക്കേണ്ടത് പ്രധാനമാണ്.

ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ നാം വിശ്വസിക്കുന്ന, നമ്മെ വിശ്വസിക്കുന്ന ഒരു വ്യക്തിയോട്
മനസുതുറന്ന് അരമണിക്കൂർ സംസാരിക്കാൻ കഴിഞ്ഞാൽ മാനസിക സംഘർഷം ലഘൂകരിക്കാനാവും. നമ്മുടെ
ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ ഒട്ടും വൈകാരികമായല്ലാതെ നിഷ്പക്ഷമായി നിരീക്ഷിച്ച് യുക്തിസഹമായ പരിഹാരമാർഗം നിർദ്ദേശിക്കാൻ ആ സുഹൃത്തിനു കഴിഞ്ഞേക്കും.

ക്വാളിറ്റി ടൈം

ഉറപ്പാക്കണം

കുടുംബബന്ധങ്ങളിൽ സുതാര്യതയും ഊഷ്മളതയും വർദ്ധിപ്പിക്കുക എന്നതും അനിവാര്യമാണ്. സാമ്പത്തിക ഇടപാടുകളടക്കം നമ്മുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം ജീവിതപങ്കാളിയോട് തുറന്നുപറയുന്നത് പലപ്പോഴും പ്രശ്നങ്ങൾ വഷളാകാതിരിക്കാനും ചതിക്കുഴികളിൽ ചെന്നുചാടാതിരിക്കാനും സഹായിക്കും.
കുടുംബാംഗങ്ങളെല്ലാം വൈകുന്നേരം ഒത്തുചേർന്ന് അന്നന്ന് ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്ന 'ക്വാളിറ്റി ടൈം" എല്ലാ വീടുകളിലും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനമായിരുന്നു,​ നേരത്തേ കേരളം. മാനസികാരോഗ്യ സാക്ഷരതയുടെ അഭാവവും,​ മാനസികാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനും ചികിത്സിക്കാനുമുള്ള വിമുഖതയുമായിരുന്നു ഇതിനു വഴിതെളിച്ച പ്രധാന ഘടകങ്ങൾ. തുടർന്ന് മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും നടന്ന വ്യാപകമായ ബോധവത്കരണ പരിപാടികളുടെ ഫലമായി ആത്മഹത്യാനിരക്ക് ഗണ്യമായി കുറയ്ക്കാൻ നമുക്ക് സാധിച്ചു. എന്നാൽ,​ കൊവിഡിനു ശേഷം വീണ്ടും ആത്മഹത്യാ നിരക്ക് കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ലഹരിവസ്തുക്കളുടെ ദുരുപയോഗവും അക്രമ സംഭവങ്ങളും സമാന്തരമായി വർദ്ധിച്ചുവരികയും ചെയ്യുന്നു.

ബാല്യത്തിന്റെ

പാഠങ്ങൾ

മാനസികാരോഗ്യത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും തെറ്റായ ധാരണകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളെ ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. സമൂഹത്തിൽ നടക്കുന്ന അക്രമസംഭവങ്ങൾ ഒറ്റപ്പെട്ടവയായി അവഗണിക്കാനുള്ള പ്രവണതയും കൂടിവരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ പൂർണമായും ഇല്ലാതാകാൻ വിപുലവും വ്യാപകവുമായ ബോധവത്കരണം അനിവാര്യമാണ്. മാനസികാരോഗ്യ സാക്ഷരത സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. അമിത ദേഷ്യത്തിനും അക്രമത്തിനും കാരണമാകുന്ന വ്യക്തിത്വ വൈകല്യങ്ങളും,​ വൈകാരിക അസ്വാസ്ഥ്യങ്ങളും ലഹരിയോടുള്ള അടിമത്തവും ലഹരിജന്യ മാനസിക പ്രശ്നങ്ങളും തിരിച്ചറിയാനുള്ള കഴിവും ചെറുപ്പത്തിൽത്തന്നെ ആർജ്ജിക്കാൻ ഇത് സഹായിക്കും.

മാനസികാരോഗ്യ പ്രശ്നങ്ങൾ തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. ഇതിനു സമാന്തരമായി,​ രക്ഷിതാക്കൾക്കും ബോധവത്കരണം നൽകേണ്ടതുണ്ട്. വീട്ടിൽ കുട്ടികളുടെ മുൻപിൽ വച്ച് വഴക്കിടുക, മോശം വാക്കുകൾ ഉപയോഗിക്കുക, മർദ്ദനം എന്നിവയൊക്കെ ഒഴിവാക്കണം. ഗാർഹിക അന്തരീക്ഷം എങ്ങനെയാണ് കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുന്നതെന്ന് രക്ഷിതാക്കൾ മനസിലാക്കണം.

(തിരുവനന്തപുരം ഗവ. മെഡി. കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസറും, ശ്രീചിത്ര ആശുപത്രിയിൽ ഓണററി കൺസൾട്ടന്റുമാണ് ഡോ. അരുൺ ബി. നായർ. arunb.nair@yahoo.com)​

Advertisement
Advertisement