ഒടുവിൽ 'പെൺ നടൻ' നാടക അക്കാഡമി ആസ്ഥാനത്ത് അരങ്ങിലെത്തുന്നു

Wednesday 15 May 2024 12:00 AM IST

തൃശൂർ: സ്ത്രീകൾ അരങ്ങിൽ കയറാൻ മടിച്ച കാലത്ത് പെൺവേഷം കെട്ടിയാടിയ മഹാനടൻ ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം പറയുന്ന സന്തോഷ് കീഴാറ്റൂർ അഭിനയിക്കുന്ന ഏകപാത്ര നാടകമായ 'പെൺനടൻ 'തൃശൂരിൽ എത്തുന്നു. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നൂറിലധികം വേദികളിൽ അവതരിപ്പിച്ച ശേഷമാണ് പെൺ നടൻ സംഗീത നാടക അക്കാഡമിയുടെ ആസ്ഥാനത്ത് എത്തുന്നത്. 2015 മുതൽ അരങ്ങ് നിറഞ്ഞുകളിച്ച പെൺ നടന് പക്ഷെ അന്താരാഷ്ട്ര നാടകോത്സവത്തിൽ അവസരം ലഭിച്ചില്ല. പല ഇറ്റ്‌ഫോകിലേക്ക് അയച്ചെങ്കിലും തിരെഞ്ഞെടുത്തില്ലെന്നു അഭിനേതാവ് കൂടിയായ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. 19ന് റീജ്യണൽ തിയറ്ററിൽ വൈകിട്ട് 6.30 നാണ് നാടകം. ഒന്നര മണിക്കൂർ നീളുന്ന നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സുരേഷ് ബാബു ശ്രീസ്ഥയും സന്തോഷ് കീഴാറ്റുരൂം ചേർന്നാണ്. ഡോ. എൻ.കെ. മധുസൂദനൻ, ഡോ. പ്രശാന്ത് കൃഷ്ണൻ എന്നിവരാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കരിവള്ളൂർ മുരളി അദ്ധ്യക്ഷനാകും. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ, സംവിധായകരായ കമൽ, സത്യൻ അന്തിക്കാട്, പ്രിയാനന്ദൻ, സി.എൽ. ജോസ്, ഷിബു എസ്. കൊട്ടാരം എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സന്തോഷ് കീഴാറ്റൂർ, ജയരാജ് വാര്യർ, ശശി ഇടശേരി, പാർത്ഥസാരഥി, ഐ.ഡി.രജ്ജിത്ത് എന്നിവർ പങ്കെടുത്തു.

അഭിനേതാവ് ഒരാൾ മാത്രമേ ഉള്ളൂവെങ്കിലും നിരവധി വേഷങ്ങൾ മാറി മാറി അരങ്ങിലെത്തുന്നുണ്ട്. കുമാരനാശാന്റെ സ്ത്രീ കഥാപാത്രങ്ങളും ഉണ്ട്

- സന്തോഷ് കീഴാറ്റൂർ, നാടക രചയിതാവ്

Advertisement
Advertisement