കടമെടുപ്പ് പരിധി : വേഗത്തിൽ വാദം വേണമെന്ന് കേരളം

Wednesday 15 May 2024 4:39 AM IST

ന്യൂഡൽഹി : സംസ്ഥാനങ്ങളുടെ കടമെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭരണഘടനാ ബെഞ്ച് വേഗത്തിൽ പരിഗണിച്ച് വാദം കേൾക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ. ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സംസ്ഥാന സർക്കാരിന് വേണ്ടി അഡ്വ. കപിൽ സിബൽ വിഷയമുന്നയിച്ചത്.

മേയ് 17ന് മദ്ധ്യവേനൽ അവധിക്കായി അടയ്‌ക്കുന്ന സുപ്രീംകോടതി ജൂലായ് എട്ടിന് തുറക്കും. ഈ സാഹചര്യത്തിൽ അവധിക്കാലം കഴിഞ്ഞയുടൻ വാദംകേൾക്കൽ ആരംഭിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. അക്കാര്യം പരിശോധിക്കാമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന സമ്മതിച്ചു. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം സമർപ്പിച്ച സ്യൂട്ട് ഹർജി ഏപ്രിൽ ഒന്നിനാണ് ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത്.

Advertisement
Advertisement