ആലിസ് മൺറോ അന്തരിച്ചു

Wednesday 15 May 2024 12:36 AM IST

ഒന്റാറിയോ : പ്രശസ്ത കനേഡിയൻ സാഹിത്യകാരിയും നോബേൽ ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. ഒരു ദശാബ്ദത്തിലേറെയായി ഡിമെൻഷ്യ ബാധിച്ചിരുന്ന ആലിസ്, ഒന്റാറിയോയിലെ കെയർ ഹോമിലാണു കഴിഞ്ഞിരുന്നത്. ‘കനേഡിയൻ ചെക്കോവ്’ എന്നു വിശേഷണമുള്ള ആലിസ്, കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ഏറെയും പറഞ്ഞത്.

2009ൽ മാൻ ബുക്കർ സമ്മാനവും 2013ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും നേടി. ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് (1968), ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ (1971), ഹൂ ഡു യു തിങ്ക് യു ആർ ? (1978), ദി മൂൺസ് ഓഫ് ജൂപ്പിറ്റർ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസിൽ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികൾ.

സാഹിത്യ നോബേൽ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്കാര സമിതി വിശേഷിപ്പിച്ചത്. 1968ൽ പുറത്തിറങ്ങിയ ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വർഷം കനേഡിയൽ സർക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി.

Advertisement
Advertisement