ബി.ജെ.പിക്കെതിരെ വാഷിംഗ് മെഷീൻ പ്രചാരണവുമായി എ.എ.പി

Wednesday 15 May 2024 12:48 AM IST

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ 'വാഷിംഗ് മെഷീന്റെ മാന്ത്രികത' എന്ന പേരിൽ പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. ഡൽഹിയിൽ ഇന്നലെ ആരംഭിച്ച ക്യാമ്പയിനിൽ മന്ത്രിമാരായ ഗോപാൽ റായ്, സൗരഭ് ഭരദ്വാജ് എന്നിവർ പങ്കെടുത്തു. അഴിമതിക്കെതിരെ പോരാടുന്നു എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ, അഴിമതിക്കാർ ബി.ജെ.പിയിൽ ചേർന്നാൽ അവരുടെ പാപക്കറകൾ ഇല്ലാതാകുകയാണെന്ന് ആം ആദ്മി നേതാക്കൾ ആരോപിച്ചു. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മയ്‌ക്കെതിരെ ശാരദാ ചിട്ടിതട്ടിപ്പിൽ ഉൾപ്പെടെ ബി.ജെ.പി നിരന്തരം ആരോപണമുന്നയിച്ചിരുന്നു. അശോക് ചവാൻ, അജിത് പവാർ തുടങ്ങിയവർക്കെതിരെയും സമാനമായിരുന്നു സ്ഥിതി. എന്നാൽ, ഈ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നതോടെ പാപക്കറ ഒഴുകിപ്പോയെന്ന് ആം ആദ്മി പാർട്ടി പരിഹസിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വാഷിംഗ് മെഷീന്റെ മാതൃകയുണ്ടാക്കി സ്റ്രേജുകളിൽ കലാപ്രകടനവും അവതരിപ്പിക്കുന്നുണ്ട്.

 എ.എ.പിയെ പ്രതിയാക്കാൻ ഇ.ഡി

മദ്യനയക്കേസിൽ ആം ആദ്മി പാർട്ടിയെ പ്രതിയാക്കുമെന്ന് ഇ.ഡി ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിർക്കവെയാണ് ഇ.ഡി അഭിഭാഷകൻ സൊഹേബ് ഹൊസൈൻ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കും. ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി. സിസോദിയ 14 മാസത്തിലധികമായി ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി മാർച്ച് ഒൻപതിനും അറസ്റ്റ് രേഖപ്പെടുത്തി.

Advertisement
Advertisement