കോപ്പർ ഖനിയിലെ ലിഫ്‌റ്റ് തകർന്നു; 14പേർ കുടുങ്ങി, മണിക്കൂറുകൾക്ക് ശേഷം രക്ഷിക്കാനായത് മൂന്നുപേരെ മാത്രം

Wednesday 15 May 2024 10:09 AM IST

ജയ്‌പൂർ: ലിഫ്റ്റ് തകർന്ന് കോപ്പർ ഖനിയിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചു. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചെയാണ് കുടുങ്ങിക്കിടന്ന 14പേരിൽ മൂന്നുപേരെ രക്ഷിക്കാനായത്. മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്.

രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ഖേത്രി മേഖലയിലാണ് അപകടമുണ്ടായ ഖനി സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് എന്ന കമ്പനിയിലെ ജോലിക്കാർക്ക് പുറമേ കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖേത്രി കോർപ്പറേഷന്റെ മുതിർന്ന ജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. ഖനിയിൽ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് വിജിലൻസ് സംഘം ഇവിടേക്കെത്തിയത്. പരിശോധന കഴിഞ്ഞ് ഖനിയിൽ നിന്ന് തിരിച്ച് മുകളിലേക്ക് വരുന്നതിനിടെയായിരുന്നു അപടകം. ലിഫ്റ്റ് ബന്ധിപ്പിച്ചിരുന്ന ചങ്ങല പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഭൂനിരപ്പിൽ നിന്ന് 64 അടി താഴ്‌ചയിലാണ് സംഘം കുടുങ്ങിയിട്ടുള്ളത്.

15ഓളം ആംബുലൻസുകളും മെഡിക്കൽ സംഘവും അപകട മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. പുറത്തെത്തിച്ച ഉടൻതന്നെ കുടുങ്ങിക്കിടക്കുന്നവരെ ജയ്‌പൂരിലെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിക്കാനാണ് നീക്കം. ലിഫ്റ്റ് ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ലിഫ്റ്റിലുള്ളവർ സുരക്ഷിതരാണെന്നും മറ്റ് അപകടങ്ങളൊന്നും ഇല്ലെന്നുമാണ് കരുതുന്നതെന്ന് ഖേത്രി എംഎൽഎ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ ഉടൻ തന്നെ രക്ഷിക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. വൻ പൊലീസ് സന്നാഹം തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.