പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാകും, ഗ്യാൻവാപി പള്ളിക്ക് പകരം ക്ഷേത്രം നിർമ്മിക്കും: നയം വ്യക്തമാക്കി ബിജെപി നേതാവ്

Wednesday 15 May 2024 10:50 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ മഥുരയിൽ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും വാരാണസിയിലെ ഗ്യാൻവാപി പള്ളിക്ക് പകരം ബാബ വിശ്വനാഥ് മന്ദിറും നിർമ്മിക്കുമെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഡൽഹിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭയിൽ 300 സീറ്റ് നേടിയതിന് പിന്നാലെയാണ് ബിജെപി അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചെന്നും അദ്ദേഹം പറഞ്ഞു.

'സച്ചിൻ ടെണ്ടുൽക്കറോട് നിങ്ങൾ ഡബിൾ സെഞ്ച്വറിയും ട്രിപ്പിൾ സെഞ്ച്വറിയും അടിക്കുന്നത് എന്തിനാണെന്ന് ആരെങ്കിലും ചോദിച്ചാൽ അതിന് ഉത്തരം ഉണ്ടാവില്ല. അതുപോലെയാണ് നിങ്ങൾക്ക് എന്തിനാണ് 400 സീറ്റെന്ന് കോൺഗ്രസ് ഞങ്ങളോട് ചോദിക്കുന്നത്. മുന്നൂറ് സീറ്റ് ലഭിച്ചപ്പോൾ ഞങ്ങൾ രാമക്ഷേത്രം നിർമ്മിച്ചു. 400 സീറ്റുകൾ ലഭിക്കുമ്പോൾ കൃഷ്ണ ജന്മഭൂമിയും ഗ്യാൻവാപി മസ്‌ജിദിന് പകരം ബാബ വിശ്വനാഥ് മന്ദിറും നിർമ്മിക്കും' അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ പാർലമെന്റിൽ പാക് അധീന കാശ്മീരിനെക്കുറിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കുറ്റപ്പെടുത്തിയ ഹിമന്ത ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാകുമെന്നും പറഞ്ഞു. ' കുറച്ചുദിവസങ്ങളായി പാക് അധീന കാശ്മീരിൽ നിന്ന് ചില ചിത്രങ്ങൾ വരുന്നുണ്ട്. അവിടെ എല്ലാദിവസവും പ്രക്ഷോഭമാണ്. ആളുകൾ കൈകളിൽ ഇന്ത്യൻ പതാകയുമേന്തിയാണ് പ്രതിഷേധിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 400 സീറ്റുമായി ബിജെപി അധികാരത്തിൽ എത്തുമ്പോൾ പാക് അധീന കാശ്മീരും ഇന്ത്യയുടെ ഭാഗമാകും-ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. നൂറുകണക്കിന് പ്രവർത്തകരാണ് റാലിയിൽ എത്തിയിരുന്നത്.

Advertisement
Advertisement