മണ്ണിട്ട് നികത്തി കൊടൂരാറിന്റെ തീരം

Wednesday 15 May 2024 5:18 PM IST

കോട്ടയം: കൊടൂരാറിന്റെ തീരത്തെ തണ്ണീർത്തടം പട്ടാപ്പകൽ മണ്ണിട്ടുനികത്തുമ്പോഴും കുലക്കമില്ലാതെ അധികൃതർ. പ്രദേശത്ത് പ്രളയസാദ്ധ്യത നിലനിൽക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയുള്ള നികത്തൽ. വാർഡ് കൗൺസിലർ ഉൾപ്പെടെ എതിർത്തിട്ടും കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടേയും താമസസ്ഥലത്തിന്റെ മൂക്കിൻതുമ്പത്താണ് നികത്തൽ തുടരുന്നത്.

കളത്തിക്കടവ് പാലത്തിന് സമീപം കൊടൂരാറിന്റെ തീരത്തെ പാടത്താണ് മീൻകുളം തുടങ്ങാനാണെന്ന വ്യാജേനെ തിരഞ്ഞെടുപ്പ് കാലത്ത് ഹിറ്റാച്ചിയും ജെ.സി.ബിയും ഇറക്കിയത്. കളക്ടറുടെ വസതിക്ക് അരക്കിലോമീറ്റർ ഉള്ളിൽ നടക്കുന്ന നികത്തലിനെതിരെ വാർഡ് കൗൺസിൽ പി.ഡി.സുരേഷ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പ്രദേശം വലിയ ഷീറ്റുകൾ ഉപയോഗിച്ച് മറച്ച് മണ്ണിട്ട് നികത്തുകയാണ്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജനപദ്ധയുടെ ഭാഗമായി ജില്ലയിലെന്പാടും തരിശ് പാടങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുമ്പോഴാണ് കൊടൂരാറിന്റെ സ്വാഭാവിക ജൈവ സമ്പത്തിന് കൂടി ദോഷകരമാകുന്ന നികത്തൽ. പാടം നികത്തുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതിനൊപ്പം പ്രദേശത്തെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും ദോഷം ചെയ്യുമെന്ന ആശങ്കയുമുണ്ട്.

ലക്ഷ്യം വൻകിട നിർമ്മാണം

വില്ലകളും​ കൺവെൻഷൻ സെന്റർ ഉൾപ്പെടെയുള്ള വൻകിട നിർമ്മാണങ്ങൾക്ക് വേണ്ടിയാണ് സ്ഥലം നികത്തുന്നതെന്നാണ് സൂചന. ആറ്റുതീരത്തെ തന്ത്രപ്രധാനമായ സ്ഥലം ഡേറ്റാ ബാങ്കിൽ ഇടംപിടിച്ചിട്ടില്ലെന്നതാണ് വിചിത്രം. ഉന്നതർക്ക് വേണ്ടി നിയമം വഴിമാറിയതാണെന്ന ആക്ഷേപവും ശക്തം. വീട് വയ്ക്കാനുൾപ്പെടെ അപേക്ഷ നൽകുമ്പോൾ സാധാരണക്കാരെ വലയ്ക്കന്ന നിയമവും ചട്ടവമാണ് ഉന്നതർക്കായി വഴിമാറിയത്.

ആവാസ വ്യസ്ഥയ്ക്ക് ദോഷം

തൂളി പോലുള്ള മീനുകളുടെ ഉറവിടം

നീർപക്ഷികളുടെ ആവാസകേന്ദ്രം

പ്രദേശത്ത് കൃഷി ആരംഭിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴാണ് ഒരു ഭാഗത്ത് നികത്തൽ. ഇതിന് അനുമതി നൽകിയതിൽ സംശയമുണ്ട്.

പി.ഡി.സുരേഷ്, വാർഡ് കൗൺസിലർ

Advertisement
Advertisement