പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി മോദി സർ‌ക്കാർ; 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചു

Wednesday 15 May 2024 6:27 PM IST

ന്യൂഡൽഹി: രാജ്യത്ത് മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കി. ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇവർ‌ക്ക് പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് അപേക്ഷിച്ചവർക്ക് രേഖകൾ കൈമാറിയത്. പൗരത്വ ഭേദഗതി ചട്ടപ്രകാരം പൗരത്വം നേടിയവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അഭിനന്ദിച്ചു, ശേഷം നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു,

അപേക്ഷകർ സമർപ്പിച്ച വിവിധ രേഖകൾ പരിശോധിച്ച ശേഷം പൗരത്വം നേടിയവർക്ക് പ്രതി‌ജ്ഞ ചൊല്ലിക്കൊടുത്തു. പൂർണമായും ഓൺലൈനായാണ് സിഎഎ അപേക്ഷ സമർപ്പിക്കുക. ‌ഡൽഹിയിലെ ഡയറക്‌ടറുടെ(സെൻസസ് ഓപ്പറേഷൻസ്) നേതൃത്വത്തിലെ എംപവേർ‌ഡ് കമ്മിറ്റി വിശദമായ പരിശോധനയ്‌ക്ക് ശേഷമാണ് 14 പേ‌ർക്കും പൗരത്വം നൽകിയത്.

1955ലെ പൗരത്വഭേദഗതി നിയമം ഭേദഗതി വരുത്തിയതാണ് ഇന്ന് നടപ്പിലാക്കി തുടങ്ങിയ നിയമം. 2014 ഡിസംബർ 31ന് മുൻപ് പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്‌ഗാൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി,ജൈന, ക്രിസ്‌ത്യൻ വിഭാഗത്തിൽ പെട്ടവർക്കാണ് പൗരത്വം ലഭിക്കുക. മുൻപ് 11 വർഷത്തോളം രാജ്യത്ത് കഴിഞ്ഞവർക്കാണ് ലഭിക്കുകയെങ്കിൽ പൗരത്വ ഭേദഗതി നിയമത്തോടുകൂടി ഇത് ആറ് വർഷമായി ചുരുങ്ങിയിട്ടുണ്ട്.

അതേസമയം കേരള സർക്കാരും മുസ്ളീം ലീഗും സിഎഎയ്‌ക്കെതിരെ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് നൽകിയിരിക്കവെയാണ് ഇന്ന് 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.