പുരുഷന്‍മാര്‍ എത്ര വാശിപിടിച്ചാലും ഈ ആവശ്യങ്ങള്‍ക്ക് സ്ത്രീകള്‍ വഴങ്ങില്ല, കാരണം ഒന്ന് മാത്രം

Wednesday 15 May 2024 7:17 PM IST

സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യക്തിബന്ധം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പരസ്പര വിശ്വാസം, അംഗീകരിക്കാനുള്ള മനസ്സ് അതോടൊപ്പം തന്നെ എതിര്‍ലിംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ എങ്ങനെയാണ് നിങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നത് തുടങ്ങിയ കാര്യങ്ങളിലും നല്ല ധാരണയുണ്ടാകുന്നവര്‍ക്കാണ് നല്ല വ്യക്തിബന്ധം സൂക്ഷിക്കാന്‍ കഴിയുക. ഇത് മനസ്സിലാക്കിയാല്‍ മാത്രമേ തുല്യതയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുമുള്ളൂ. കാരണം പുരുഷനും സ്ത്രീയും ഒരിക്കലും ഒരേ സ്വഭാവ സവിശേഷതകളുള്ളവരല്ല അവര്‍ വ്യത്യസ്തരാണ് എന്നത് തന്നെയാണ്.

പുരുഷന്‍ വളരെ ബുദ്ധിമുട്ടേറിയത് എന്ന് ചിന്തിക്കുന്ന കാര്യങ്ങള്‍ സ്ത്രീകള്‍ക്ക് വളരെ നിഷ്പ്രയാസം സാധിക്കുന്ന ഒന്നാകാം. അതുപോലെ തന്നെയാണ് തിരിച്ചും. അതോടൊപ്പം തന്നെ ജന്മനാ ഉള്ള സവിശേഷതകളും ബലഹീനതകളും പുരുഷനിലും സ്ത്രീയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും ഒരേ കാര്യത്തെ സ്ത്രീയും പുരുഷനും സമീപിക്കുന്നതും വീക്ഷിക്കുന്നതും മനസ്സിലാക്കുന്നതും പോലും രണ്ട് രീതിയിലായിരിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പുരുഷന്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളും ആഗ്രഹങ്ങളും സ്ത്രീകള്‍ അംഗീകരിക്കാത്തതിന് കാരണവും ഈ വൈരുദ്ധ്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണ്. ഒരു നല്ല ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പര വിശ്വാസവും സ്‌നേഹവും പരിഗണനയുമാണ്. എന്നാല്‍ എത്ര സ്‌നേഹമുള്ള സ്ത്രീയാണെങ്കിലും പുരുഷന്‍മാരുടെ ചില ആഗ്രഹങ്ങള്‍ക്ക് എത്ര നിര്‍ബന്ധിച്ചാലും അവര്‍ വഴങ്ങില്ല. വാശിപിടിച്ച് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ സ്ത്രീകളെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിക്കാന്‍ ശ്രമിക്കുന്നത് ബന്ധത്തെ തന്നെ തകര്‍ക്കുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കും.

പുരുഷന്‍ തന്റെ പൂര്‍ണനിയന്ത്രണത്തിലായിരിക്കണം സ്ത്രീ എന്ന് ആഗ്രഹിക്കുന്നത് ശരിയല്ല. ആത്മാഭിമാനമുള്ള ഒരു സ്ത്രീയും താന്‍ പുരുഷന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കണമെന്ന ആഗ്രഹം അംഗീകരിക്കില്ല. ഇക്കാര്യം മനസ്സിലാക്കാതെ അവരെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതാണ് പല പുരുഷന്‍മാരും ചെയ്യുന്ന വലിയ തെറ്റ്. സ്വാതന്ത്ര്യമാണ് മറ്റൊന്ന്. തന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ അത് ഭര്‍ത്താവാണെങ്കില്‍പ്പോലും പരിധി വിട്ട് ഇടപെടുന്നത് സ്ത്രീകള്‍ അംഗീകരിക്കില്ല.

അനുസരണയുള്ളവളായിരിക്കണം ഭാര്യ എന്നതാണ് പല പുരുഷന്‍മാരുടേയും സങ്കല്‍പ്പം. ആത്മാഭിമാനത്തോടെ സ്വതന്ത്രയായി ജീവിക്കാന്‍ കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് സ്ത്രീകള്‍ക്ക് ഉത്തമ ബോദ്ധ്യമുണ്ടാകും. അതുകൊണ്ട് തന്നെ പുരുഷന്‍ പറയുന്നതെന്തും അനുസരിച്ച് സ്വന്തം ഇഷ്ടങ്ങള്‍ ഭര്‍ത്താവിന് ഇഷ്ടക്കേടുണ്ടാക്കുമെന്ന് കരുതി ഉപേക്ഷിക്കുന്നവരല്ല ഇന്നത്തെ തലമുറയിലെ സ്ത്രീകള്‍ എന്നതും പുരുഷന്‍ തിരിച്ചറിയണം.

തുല്യതയെന്നതാണ് ആധുനിക സമൂഹത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. അത് പുരുഷന്റെ ഔദാര്യമല്ല മറിച്ച് തന്റെ അവകാശമാണെന്ന് സ്ത്രീകള്‍ക്ക് ബോദ്ധ്യമുണ്ട്. തന്റെ എല്ലാ അവകാശങ്ങളും കൈപ്പിടിയിലാക്കി പുരുഷന്റെ ഇഷ്ടത്തിന് മാത്രം അനുസരിച്ച് മുന്നോട്ട് പോകേണ്ടതില്ലെന്നും സ്ത്രീകള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ എത്ര വാശി പിടിച്ചാലും ശരി ജീവനേക്കാള്‍ നിങ്ങളെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ പോലും അത്തരം കാര്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന തിരിച്ചറിവാണ് പുരുഷന് വേണ്ടത്.

Advertisement
Advertisement