സൈബർ തട്ടിപ്പും സിം മാഫിയയും

Thursday 16 May 2024 12:46 AM IST

ആധുനിക കാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് സൈബർ മേഖലയിലാണ്. സമ്പന്നരായ പ്രൊഫഷണലുകളും വിദ്യാഭ്യാസമുള്ളവരുമാണ് തട്ടിപ്പുകൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് എന്നതാണ് ഏറെ വൈചിത്ര്യമുളവാകുന്നത്. കേരളത്തിൽ കഴിഞ്ഞ അഞ്ചുമാസത്തിനിടെ ആയിരത്തോളം പേരാണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇതിൽ 93 ഐ.ടി വിദഗ്ദ്ധരും 55 ഡോക്ടർമാരും 60 ഗവൺമെന്റ് ഉദ്യോഗസ്ഥരും 39 അദ്ധ്യാപകരും 31 ബാങ്ക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഏതാണ്ട് 180 കോടി രൂപയാണ് ഈ കാലയളവിൽ സംസ്ഥാനത്തു നിന്ന് നഷ്ടമായത്. കൊച്ചിയിൽ 33 കോടിയുടെയും തിരുവനന്തപുരത്ത് 30 കോടിയുടെയും തട്ടിപ്പ് നടന്നു. ഈ പശ്ചാത്തലത്തിൽ സൈബർ തട്ടിപ്പുസംഘങ്ങൾക്കായി വൻതോതിൽ വ്യാജ സിം കാർഡുകൾ നിർമ്മിച്ചുനൽകുന്ന സംഘങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി കേന്ദ്ര ഏജൻസികൾ സംസ്ഥാന ആഭ്യന്തര വകുപ്പിനെ അറിയിച്ചിരിക്കുന്നത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണ്. വൻതോതിൽ സിം കാർഡ് വിൽക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളും കേന്ദ്രം കൈമാറിയിട്ടുണ്ട്.

ഉപഭോക്താക്കളിൽ നിന്ന് ആവശ്യത്തിൽക്കൂടുതൽ തവണ വിരലടയാളം പതിപ്പിച്ച് അവരറിയാതെ പിന്നീട് വിവിധ കമ്പനികളുടെ സിം കാർഡ് അനധികൃതമായി എടുക്കുന്നതാണ് രീതി. ഈ സിം കാർഡുകൾ വില കൊടുത്ത് വാങ്ങിയാണ് സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. വർക്കലയിൽ ഇത്തരത്തിൽ അനധികൃതമായി സംഘടിപ്പിച്ച 250 സിം കാർഡുകൾ വിദേശ തട്ടിപ്പു സംഘങ്ങൾക്ക് കൈമാറിയ കടയുടമ അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടന്നതായി തെളിഞ്ഞിരിക്കുകയാണ്. മലയാളികളുടെ ഒരു സംഘം വിദേശത്തിരുന്നാണ് തട്ടിപ്പിന് ചുക്കാൻ പിടിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിലെ ഒരാളെ തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഇല്ലാത്ത പാഴ്സലിന്റെ പേരു പറഞ്ഞും കസ്റ്റംസിന്റെയും സി.ബി.ഐയുടെയും ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞുമാണ് വാട്‌സാപ് കോൾ വഴി തട്ടിപ്പുകൾ നടത്തുന്നത്. കർണാടകയിൽ നിന്ന് കേരള പൊലീസ് അറസ്റ്റുചെയ്ത ഒരാൾ ഈ തട്ടിപ്പുകളിലെ പ്രധാന കണ്ണിയാണെന്നാണ് കണ്ടെത്തിയത്. ഏതാണ്ട് 40,000 സിം കാർഡുകളാണ് ഇയാൾ വിദേശ തട്ടിപ്പു സംഘത്തിന് കൈമാറിയത്. പണത്തോടുള്ള മനുഷ്യന്റെ ആർത്തി മുതലെടുത്തും പലവിധ സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ആദ്യം നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടിയാവും അടുത്ത നിമിഷം അക്കൗണ്ടിലെത്തുക. ഇത് കുറെനാൾ ആവർത്തിക്കും. അവസാനം ഒരു ഭീമമായ തുക നിക്ഷേപിച്ചു കഴിയുമ്പോൾ അതുമായി തട്ടിപ്പുകാരൻ മുങ്ങും. ഈ തട്ടിപ്പുകൾ തടയാനുള്ള ഏറ്റവും എളുപ്പമാർഗം പരിചയമില്ലാത്ത നമ്പരിൽ നിന്നുവരുന്ന വാട്സ്ആപ് കാളുകൾ എടുക്കാതിരിക്കുക എന്നതുതന്നെയാണ്.

മലയാളിക്ക് ഓൺലൈൻ തട്ടിപ്പുവഴി കോടികൾ നഷ്ടമാവുമ്പോൾ അത് തടയാൻ ബോധവത്കരണമല്ലാതെ മറ്റു മാർഗമില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർതന്നെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കുകൾ വഴി അക്കൗണ്ട് ഉടമകൾക്ക് ബോധവത്കരണം നടത്താൻ റിസർവ് ബാങ്കും നടപടികൾ സ്വീകരിക്കേണ്ടതാണ്. സൈബർ തട്ടിപ്പുകളിൽ ഉൾപ്പെട്ട 28,200 ഫോണുകൾ ബ്ളോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഫോണുകൾ വിൽക്കുമ്പോൾ തട്ടിപ്പുകാർ മറ്റു മാർഗങ്ങൾ അവലംബിക്കുകയാണ് പതിവ്. ഇവരുടെ വിളയാട്ടം തടയാൻ വിദഗ്ദ്ധ സൈബർ സംഘങ്ങൾക്ക് ആഭ്യന്തര വകുപ്പ് രൂപം നൽകണം. അതുപോലെ തന്നെ, സൈബർ തട്ടിപ്പിന് ഇപ്പോൾ ലഭിക്കുന്ന ശിക്ഷയിലും വലിയ മാറ്റം വരണം. ലഹരിക്കടത്തിന് സമാനമായ കുറ്റമായി കണക്കാക്കേണ്ടതാണ് സൈബർ ക്രൈമും.

Advertisement
Advertisement