ക്വാറി മേഖല സ്തംഭിച്ചു, മുതലാക്കി തമിഴ്നാട് ലോബി

Thursday 16 May 2024 4:10 AM IST

മലയിൻകീഴ്: ജില്ലയിലെ ക്വാറി മേഖല സ്തംഭിച്ചിട്ട് വർഷങ്ങളായിട്ടും സർക്കാർ ബദൽ മാർഗങ്ങൾ ഒരുക്കാത്തതിൽ നിർമ്മാണ മേഖല പ്രതിസന്ധിയിൽ. നിലവിൽ തമിഴ്നാട്ടിൽ നിന്നാണ് പാറ ഉത്പന്നങ്ങൾ വ്യാപകമായി എത്തിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ എത്തുന്ന ഈ ലോറികൾ നിരവധി അപകടങ്ങൾക്കും കാരണമാകുകയാണ്. നിശ്ചിത അളവിനേക്കാൾ കൂടുതൽ ഭാരം കയറ്റി, ചെക്ക് പോസ്റ്റ് അധികൃതരുടെ കണ്ണുവെട്ടിച്ചാണ് വാഹനങ്ങൾ ജില്ലയിൽ പ്രവേശിക്കുന്നത്.

എം സാന്റ്, മെറ്റൽ, പാറപ്പൊടി, കരിങ്കല്ല് എന്നിവയാണ് പ്രധാനമായും എത്തിക്കുന്നത്. തൂത്തുക്കുടി, കന്യാകുമാരി, ശുചീന്ദ്രം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ അമരവിള ചെക്ക് പോസ്റ്റ് കയറാതിരിക്കാനായി ഉദയൻകുളങ്ങര നിന്ന് പിരയിൻമൂട് വഴി ബാലരാമപുരത്തെത്തിയും അമരവിള എത്തുന്നതിനു മുമ്പ് കണ്ണൻകുഴി വഴി നെയ്യാറ്റിൻകരയിലെത്തിയുമാണ് പോകുന്നത്. ചെക്ക് പോസ്റ്റുകളിലൂടെ അനധികൃതമായി കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങൾ കടത്തുന്നുവെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രശ്നത്തിൽ ടിപ്പർ, ജെ.സി.ബി ഓണേഴ്സ് അസോസിയേഷൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ കുറച്ച് വാഹനങ്ങളെ പിടിച്ച് പിഴയൊടുക്കിയതല്ലാതെ അന്വേഷണം നീണ്ടുപോയില്ല.

വിലക്കുറവായതിനാലാണ് എം.സാന്റ് ഉൾപ്പെടെയുള്ളവ വൻകിട കെട്ടിട നിർമ്മാതാക്കൾ തമിഴ്നാട്ടിൽ നിന്നെത്തിക്കുന്നത്. എന്നാൽ പാറപ്പൊടിയിൽ വെള്ളം നനച്ച് വെള്ളത്തോടെ കയറ്റി എം.സാന്റായി എത്തിക്കുന്നെന്നാണ് ആക്ഷേപം. കെട്ടിടനിർമ്മാതാക്കളുടെ എൻജിനിയർമാരാണ് തട്ടിപ്പിനു പിന്നിലെന്നാണ് ആരോപണം. കെട്ടിടത്തിൽ എം.സാന്റ് ഉപയോഗിക്കേണ്ടയിടത്ത് പാറപ്പൊടി ഉപയോഗിച്ചാൽ ബലക്ഷയം ഉൾപ്പെടെ ഉണ്ടാകും.

രേഖകളുമില്ല

തമിഴ്നാട്ടിൽ നിന്ന് നിർമ്മാണ ഉത്പന്നങ്ങൾ കയറ്റിയെത്തുന്ന വാഹനങ്ങൾ ഇൻഷ്വറൻസ്, ഫിറ്റ്നെസ് തുടങ്ങിയ യാതൊരു രേഖകളുമില്ലാതെയാണ് ദേശീയ പാതയിലൂടെ ചീറിപ്പായുന്നത്. കളിയിക്കാവിള- നെയ്യാറ്റിൻകര വഴി ബാലരാമപുരത്തും അരുവിക്കരയിലുമെത്തുന്ന വാഹനങ്ങൾ പോങ്ങുംമൂട്- ചീനിവിള റോഡിലൂടെയാണ് പ്രധാനമായും കടന്നുപോകുന്നത്. അപകടകരമായി പോകുന്ന ടോറസ്, ടിപ്പർ വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാവുകയും നിരവധിപ്പേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്.

നഗരമാലിന്യം മൂക്കുന്നിമലയിൽ?

ജില്ലയിലെ പ്രധാന ക്വാറി ഉത്പന്നങ്ങളുടെ കേന്ദ്രമായിരുന്നു മൂക്കുന്നിമല. എന്നാൽ ക്രഷറുകൾ പൂട്ടിയതിനെത്തുടർന്ന് മൂക്കുന്നിമലയിലെ പാറക്കുഴികളിൽ നഗരമാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് പിൻവലിച്ചു. മൂക്കുന്നിമലയെ മറ്റൊരു വിളപ്പിൽശാലയാക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.

Advertisement
Advertisement