ഇനി ആരും സ്‌ക്രീന്‍ഷോട്ട് ചോദിച്ച് ബുദ്ധിമുട്ടിക്കില്ല, വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്

Wednesday 15 May 2024 8:38 PM IST

വാട്‌സാപ്പുമായി ബന്ധപ്പെട്ട് ഏറ്റവും അധികം കേള്‍ക്കുന്ന വാക്കുകളില്‍ ഒന്നാണ് സ്‌ക്രീന്‍ ഷോട്ട് അല്ലെങ്കില്‍ സ്‌ക്രീന്‍ഗ്രാബ്. പലപ്പോഴും നമ്മുടെ സ്വകാര്യതയെ പോലും ബാധിക്കുന്ന രീതിയില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ വഴി ബുദ്ധിമുട്ടുകളപുണ്ടാകാറുണ്ട്. ഈ പ്രസ്‌നത്തിന് പരിഹാരം കാണുകയാണ് പുതിയ അപ്‌ഡേറ്റിലൂടെ വാട്‌സാപ്പ്.

ഒരു വ്യക്തിയുടെ വാട്‌സാപ്പ് അക്കൗണ്ടില്‍ അയാള്‍ നല്‍കിയിരിക്കുന്ന ഡിപി (പ്രൊഫൈല്‍ പിക്ചര്‍) ഇനി മുതല്‍ സ്‌ക്രീന്‍ഷോട്ടായി എടുക്കാന്‍ കഴിയില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ഒരുമാസത്തിലധികമായി ഈ പരീക്ഷണം വാട്‌സാപ്പ് നടത്തിവരുന്നത്.

ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്ന ഫീച്ചര്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് നടത്തുന്നത്.. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല.

മറ്റ് ഡിവൈസുകള്‍ ഉപയോഗിച്ചോ ക്യാമറകള്‍ മുഖേനയോ ചിത്രം പകര്‍ത്താമെങ്കിലും, ആപ്പിനുള്ളിലെ സ്‌ക്രീന്‍ഷോട്ട് ഫീച്ചര്‍ ബ്ലോക്ക് ചെയ്യുന്നത് ദുരുപയോഗം തടയുമെന്ന പ്രതീക്ഷയിലാണ് പുതിയ അപ്‌ഡേറ്റ്. അതേസമയം ഗ്രൂപ്പ് ഐക്കണുകളായി നല്‍കിയിട്ടുള്ള ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതിന് തടസ്സമില്ല.

ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ദോഷം വരുന്ന കാര്യങ്ങള്‍ തങ്ങള്‍ അനുവദിക്കില്ലെന്നതാണ് വാട്‌സാപ്പിന്റെ പ്രഖ്യാപിത നയം. കേന്ദ്ര സര്‍ക്കാരുമായി സ്വകാര്യത വിഷയത്തില്‍ നിയമപോരാട്ടതിലുമാണ് വാട്‌സാപ്പ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യത എന്നിവ കാത്തുസൂക്ഷിക്കുന്നത് പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.